കൗമാര കണ്ണുകളില്‍ കലയുടെ തിളക്കവുമായി നാഷ്ണൽ ഹൈസ്ക്കൂളിൽ ആസ്വാദനകളരി നടന്നു

നാഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ആറ് എട്ട് ക്ലാസ്സുകളിലെ പാഠ്യവിഷയത്തോടനുബന്ധിച്ച് സ്കൂളിലെ മലയാളം വിഭാഗം നടത്തിയ തുള്ളല്‍ ആസ്വാദനക്കളരിയില് തുള്ളല്‍ കലാകാരന് മണലൂര്‍ ഗോപിനാഥ് ഓട്ടം തുള്ളല്‍ അവതരിപ്പിക്കുന്നു.
ഇരിങ്ങാലക്കുട: നാഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ആറ് എട്ട് ക്ലാസ്സുകളിലെ പാഠ്യവിഷയത്തോടനുബന്ധിച്ച് സ്കൂളിലെ മലയാളം വിഭാഗം തുള്ളല്‍ ആസ്വാദനക്കളരി സംഘടിപ്പിച്ചു. കൗമാരത്തിന്റെ കണ്ണും കാതും കുളിര്‍പ്പിച്ച് പ്രശസ്ത തുള്ളല്‍ കലാകാരന് മണലൂര്‍ ഗോപിനാഥ് നിറഞ്ഞാടി. മലയാള മണ്ണില്‍ വേരോടിയ തുള്ളല്‍ കലയെ പുതിയ തലമുറയുടെ മനസ്സിലേക്കാണ് പകര്‍ന്നാടിയത്. സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും അകന്നു പോകുന്ന തുള്ളല്‍ കലയേയും അതിന്റെ അവതരണ രീതിയേയും ചമയങ്ങളേയും എല്ലാം അദ്ദേഹം കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. വിസ്മയത്തിന്റേയും ആവേശത്തിന്റേയും അഭിവാഞ്ചയുടേയും സുവര്‍ണ്ണനിമിഷങ്ങളില്‍ സ്വയം മറന്ന് ആസ്വാദനത്തിന്റെ അനര്‍ഘനിമിഷങ്ങള്‍ പുത്തന്‍ തലമുറ അനുഭവിച്ചറിഞ്ഞു. സ്കൂള്‍ പ്രധാനാധ്യാപിക സുനീതി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. മാനേജ്മെന്റ് പ്രതിനിധി വി പി ആര് മേനോന്, ഡെപ്യൂട്ടി പ്രധാനാധ്യാപകന് ഹരിദാസ് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.