ആസ്പയര് 2023 മെഗാ തൊഴില്‍മേള 27ന്; 24 വരെ രജിസ്റ്റര്‍ ചെയ്യാം
ഇരിങ്ങാലക്കുട: അസാപ് കേരളയുടെ ആസ്പയര് 2023 മെഗാ തൊഴില്‍മേള 27ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നടക്കുമെന്ന് മന്ത്രി ആര്. ബിന്ദു അറിയിച്ചു. ബഹുരാഷ്ട്ര കമ്പനികള്‍ ഉള്‍പ്പെടെ പതിനഞ്ചോളം സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കും. ഐ.ടി., കൊമേഴ്സ്, ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ്, ഇലക്ട്രിക്കല്‍, സിവില്‍, ഓട്ടോമോട്ടീവ് തുടങ്ങിയ വിവിധ തൊഴില്‍മേഖലകളില്‍ എസ് എസ് എല്‍ സി. മുതല്‍ പ്ലസ്ടു, ഐ ടി ഐ., ഡിപ്ലോമ, ബിരുദ, ബിരുദാനന്തര യോഗ്യതയുള്ളവര്‍ക്ക് തൊഴില്‍ കണ്ടെത്താനുള്ള അവസരമാണ് ഒരുക്കുന്നതെന്ന് മന്ത്രി ആര്. ബിന്ദു പറഞ്ഞു.
മേളയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ അസാപ് കേരളയുടെ വെബ്സൈറ്റില്‍നിന്ന് രജിസ്ട്രേഷന് ഫോം ഓണ്‍ലൈന്‍ ആയി പൂരിപ്പിച്ച് സമര്‍പ്പിക്കണം. സമീപജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്കും പങ്കെടുക്കാം. പ്രായപരിധിയില്ല. നേരത്തെയുണ്ടായിരുന്ന ജോലി നഷ്ടപ്പെട്ട സ്ത്രീകള്‍ക്കും പങ്കെടുക്കാം. ഇരുപത്തിനാലാണ് രജിസ്ട്രേഷനുള്ള അവസാന തീയതി. രാവിലെ ഒമ്പതുമുതല്‍ സ്പോട്ട് രജിസ്ട്രേഷനുണ്ട്. 10.30നാണ് ഉദ്ഘാടനച്ചടങ്ങ്. ക്രൈസ്റ്റ് കോളേജ് മാനേജര്‍ ഫാ. ജോയ് പീനിക്കപ്പറമ്പില്‍, പ്രിന്‍സിപ്പല്‍ ഫാ. ജോളി ആന്‍ഡ്രൂസ് അസാപ് പ്ലേസ്മെന്റ് മേധാവി ലൈജു പി. നായര്‍, എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.