കേരള കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാച്ചാത്തി സമരവിജയ ദിനം ആചരിച്ചു
ഇരിങ്ങാലക്കുട : കേരള കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാച്ചാത്തി സമരവിജയ ദിനം ആചരിച്ചു. കാട്ടു കൊള്ളക്കാരന് വീരപ്പനെ സഹായിക്കുന്നുവെന്ന് ആരോപിച്ച് ഫോറസ്റ് പോലീസ് റവന്യൂ ഉദ്യോഗസ്ഥര്‍ 1992 ജൂണ്‍ 20 ന് തമിഴ്നാട്ടിലെ ധര്‍മ്മപുരി ജില്ലയില്‍ വാച്ചാത്തി ആദിവാസി ഗ്രാമത്തിലെ ജനതയെ ക്രൂരമായി മര്‍ദ്ധിക്കുകയും പീഡിപ്പിക്കുകയും, വീടും വീട്ടുസാധനങ്ങളും തകര്‍ത്തെറിയുകയും, 18 യുവതികളെ ക്രൂരമായി മാനഭംഗപ്പെടുത്തുകയും ചെയ്തിരുന്നു. ഈ ഭരണകൂടഭീകരതയ്ക്കെതിരെ അഖിലേന്ത്യാ കിസ്സാന്‍ സഭയുടെ നേതൃത്വത്തില്‍ 30 വര്‍ഷക്കാലം നടത്തിയ ത്യാഗ്യോജ്ജ്വല നിയമ യുദ്ധത്തില്‍ അക്രമി സംഘത്തിന് മദ്രാസ് ഹൈക്കോടതി ശിക്ഷ വിധിച്ചതിന്റെ വിജയ ദിനം വാച്ചാത്തി സമരവിജയ ദിനമായി ആചരിച്ചു.
ഇരിങ്ങാലക്കുട കുട്ടന്‍കുളം പരിസരത്ത് നിന്നാരംഭിച്ച പ്രകടനവും അല്ത്തറയ്ക്കലില് പൊതുയോഗവും നടന്നു. കര്‍ഷക സംഘം ഏരിയാ പ്രസിഡന്റ് ടി.എസ്. സജീവന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ച പൊതുയോഗം കര്‍ഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി.ശങ്കരനാരായണന് ഉദ്ഘാടനം ചെയ്തു. എന്‍.കെ. അരവിന്ദാക്ഷന് മാസ്റ്റര്‍, ഹരിദാസ് പട്ടത്ത്, കെ.വി.ജിനരാജ്ദാസന്, പി.ആര്. ബാലന്, ഐ.ആര്. നിഷാദ്, കെ.എം. സജീവന്, എം.ടി. വര്‍ഗ്ഗീസ്, ലത ടീച്ചര്‍, തുടങ്ങിയവര്‍ നേതൃത്വം നല്കി.