പടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള ലാബിന്റെ ഉദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കുന്നു
ഇരിങ്ങാലക്കുട : പടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴില്‍ ലാബ് പ്രവര്‍ത്തനമാരംഭിച്ചു. ലാബിന്റെ ഉദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. മുന്‍ എംഎല്‍എ പ്രഫ. കെ.യു. അരുണന്ന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 15 ലക്ഷം രൂപയാണ് ലാബിന്റെ കെട്ടിട നിര്‍മാണത്തിനായി ഉപയോഗിച്ചത്. ലാബിലേക്ക് വേണ്ട പരിശോധന ഉപകരണങ്ങള്‍ 2018ലെ പ്രളയാനന്തരം നവീകരണത്തിന്റെ ഭാഗമായി ലഭിച്ചിരുന്നു.
ലാബിന്റെ പ്രവര്‍ത്തനം പടിയൂരിലെ സാധാരണജനങ്ങള്‍ക്ക് വളരെ ആശ്വാസകരമാകുമെന്ന് മന്ത്രി പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. സുകുമാരന്‍, ഡിഎംഒ ഡോ. ടി.പി. ശ്രീദേവി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ലിജി രതീഷ് , ടി.വി. വിബിന്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാജേഷ് അശോകന്, ആരോഗ്യ കേരളം തൃശൂര്‍ ഡിപിഎം ഡോ. പി.എം. സജീവ് കുമാര്‍, ബിജോയ് കളരിക്കല്‍, സുനന്ദ ഉണ്ണികൃഷ്ണന് ഉള്‍പ്പെടെയുള്ള ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജയശ്രീ ലാല്‍ സ്വാഗതവും മെഡിക്കല്‍ ഓഫീസര്‍ ജിത്തു ജോര്‍ജ് നന്ദിയും പറഞ്ഞു.