ശബ്ദരേഖ പ്രചരിപ്പിച്ചു; സാമൂഹ്യമാധ്യമ പ്രവര്‍ത്തകനെതിരെ നഗരസഭാ ചെയര്പേഴ്സന് സൈബര്‍ സെല്ലില്‍ പരാതി നല്കി
ഇരിങ്ങാലക്കുട: യുവാവ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് തന്റെ ശബ്ദം പ്രചരിപ്പിച്ച സാമൂഹ്യമാധ്യമ പ്രവര്‍ത്തകനെതിരെ സൈബര്‍ സെല്ലില്‍ ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ പരാതി നല്കി. താന്‍ ഒരുതരത്തിലും പ്രസ്തവനകളിറക്കിയിട്ടില്ല. എന്നാല്‍ തന്റെ ഫോണ്‍ സംഭാഷണം പ്രസ്തവനയാണെന്ന് കള്ളമായി സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുകയായിരുന്നു.
ഇത് സമൂഹത്തില്‍ മതസ്പര്ദക്കും വേര്ത്തിരിവിനും ഇടയാക്കിയതായി പരാതിയിലുണ്ട്. യുവാവിന്റെ മരണവുമായി സംബന്ധിച്ച് വാര്‍ത്ത നല്കിയ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകനെ നിജസ്ഥിതി അറിയുന്നതിന്റെ ഭാഗമായാണ് ചെയര്‍പേഴ്സണ്‍ വിളിച്ചത്. സൗഹാര്‍ദ്ദപരമായി വിളിക്കുകയായിരുന്നുവെന്നും വാര്‍ത്ത നല്‍കുന്നതിന് വേണ്ടിയല്ല വിളിച്ചതെന്നും പരാതിയിലുണ്ട്. എന്നാല്‍ തന്റെ സമ്മതമില്ലാതെ എഡിറ്റ് ചെയ്തും അല്ലാതെയും സമൂഹത്തില്‍ മതസ്പര്‍ധ സൃഷ്ടിക്കുന്ന തലത്തില്‍ പ്രചരിപ്പിക്കുകയായിരുന്നു.
ഇത് ജനങ്ങള്‍ക്ക് ഇടയിലുള്ള ചെയര്‍പേഴ്സന്റെ വിശ്വാസ്യതക്ക് കളങ്കമേല്പിച്ചുവെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച സാങ്കേതിക ഉപകരണങ്ങള്‍ ഓണ്‍ലൈന്‍ പ്രവര്‍ത്തകന്റെ പക്കല്‍ നിന്നുംതിരിച്ച് പിടിച്ച് നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യാനും നഗരസഭ ചെയര്‍പേഴ്സണ്‍ തയ്യാറെടുക്കുകയാണ്. വാഹനാപകടത്തെയും മരണത്തെയും തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ നഗരസഭ ഭരണത്തിനും പാര്‍ട്ടിക്കും സഹകരണ ആശുപത്രിക്കും ദോഷം എല്പിച്ചുവെന്ന വിലയിരുത്തലാണ് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിക്കും ഉള്ളത്.
നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നീണ്ട് പോയതിന്റെ പേരില്‍ യുഡിഎഫ് കയ്യാളുന്ന പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റിയും പ്രതിരോധത്തില്‍ ആയതായി ഭരണകക്ഷി അംഗങ്ങള്‍ തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്. കരുവന്നൂര്‍ സര്‍വീസ് ബാങ്ക് അടക്കമുള്ള വിഷയങ്ങളുടെ പേരിലുള്ള തുടര്‍ച്ചയായ സമരങ്ങളിലൂടെ നേടിയെടുത്ത മേല്ക്കോയ്മയ്ക്ക് ക്ഷീണം എല്പിക്കുന്നതായി വാഹനാപകടത്തെ തുടര്‍ന്നുളള വിവാദങ്ങള്‍ എന്ന തോന്നല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരിലും ഉടലെടുത്തിട്ടുണ്ട്.