കേരള സംസ്ഥാന വികലാംഗക്ഷേമ കോര്പറേഷന് ഇനി കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോര്പറേഷന്
ഇരിങ്ങാലക്കുട: കേരള സംസ്ഥാന വികലാംഗക്ഷേമ കോര്പറേഷന് ഇനി കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോര്പറേഷന് അഥവാ കേരള സ്റ്റേറ്റ് ഡിഫറന്റ്ലി ഏബിള്‍ഡ് വെല്‍ഫെയര്‍ കോര്പറേഷന് ലിമിറ്റഡ് എന്ന് അറിയപ്പെടും. സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. വികലാംഗര്‍ എന്നുള്ള പ്രയോഗം ഔദ്യോഗിക രേഖകളില്നിന്നൊഴിവാക്കാന് മന്ത്രി ആര്. ബിന്ദു നിര്‍ദേശം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ കോര്പറേഷന് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനമെടുത്ത് കേന്ദ്ര കമ്പനിമന്ത്രാലയത്തെ സമീപിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ അംഗീകാരം നിഷേധിച്ചു.
2023 ഓഗസ്റ്റില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം ആവശ്യം വീണ്ടും കേന്ദ്രമന്ത്രാലയത്തില്‍ സമര്‍പ്പിച്ചു. തുടര്‍ന്നാണ് പുതിയ പേരിന് അംഗീകാരം ലഭിച്ചത്. സര്‍ക്കാര്‍, പൊതുവേദികളില്‍ ഔദ്യോഗികമായി പുതിയ പേര് നിലവില്‍വരാന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗവും ജനറല്‍ ബോഡി യോഗവും നടക്കണം. ഡയറക്ടര്‍ ബോര്‍ഡ് യോഗം ഒക്ടോബര്‍ 25ന് ചേരും. തുടര്‍ന്ന് ജനറല്‍ ബോഡി യോഗം വിളിച്ചുചേര്‍ത്ത് പേരുമാറ്റനടപടി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു.