ഇരിങ്ങാലക്കുട കഥകളി ക്ലബ്ബ് ദശപുരസ്കാരങ്ങള് പ്രഖ്യാപിച്ചു
ഇരിങ്ങാലക്കുട: ഒമ്പത് ഗായകര്‍ക്കും ഒരു വേഷകലാകാരനുമായി ഇരിങ്ങാലക്കുട ഡോ കെ എന്‍ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് ദശപുരസ്കാരങ്ങള് പ്രഖ്യാപിച്ചു. കഥകളി സംഗീതരംഗത്തെ മുതിര്‍ന്ന ഗായകരായ കലാമണ്ഡലം സുകുമാരന്‍, കലാമണ്ഡലം എന്‍ എന്‍ കൊളത്താപ്പിള്ളി, കലാമണ്ഡലം രാജേന്ദ്രന്, പാലനാട് ദിവാകരന്, കലാമണ്ഡലം ഭവദാസന്‍, കലാമണ്ഡലം കൃഷ്ണന്‍കുട്ടി, കലാമണ്ഡലം നാരായണന് എമ്പ്രാന്തിരി, കലാമണ്ഡലം ശ്രീകുമാര്‍, കലാമണ്ഡലം മോഹനകൃഷ്ണന് എന്നീ ഒമ്പതുപേര്‍ക്ക് ഡോ കെ എന്‍ പിഷാരടി സ്മാരക കഥകളി പുരസ്കാരവും, പ്രശസ്ത കഥകളി വേഷകലാകാരന്‍ കലാമണ്ഡലം രാജശേഖരന് ഇ കേശവദാസ് സ്മാരക കഥകളി പുരസ്കാരവും, ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തിലെ വേഷവിഭാഗം വിദ്യാര്‍ത്ഥി സൂരജിന് പി ബാലകൃഷ്ണന് സ്മാരക കഥകളി എന്റോവ്മെന്റും നല്കി ആദരിക്കുവാന്‍ കഥകളി ക്ലബ്ബ് ഭരണസമിതി തീരുമാനിച്ചു.
കഥകളി പുരസ്കാര ചരിത്രത്തില്‍ ആദ്യമായാണ് ഒമ്പത് കഥകളി സംഗീതജ്ഞന്മാര് ഒരുമിച്ച് അവാര്‍ഡിന് അര്‍ഹരാകുന്നത്. കേരളത്തിലെ തെക്കു മുതല്‍ വടക്കു വരെ എല്ലാ ഭാഗത്തു നിന്നുമുള്ള മുതിര്‍ന്ന കലാകാരന്മാരെയാണ് അവാര്‍ഡിനായി പരിഗണിച്ചത്. 7,500 രൂപയും പ്രശസ്തിപത്രവും അംഗവസ്ത്രവും അടങ്ങുന്നതാണ് പുരസ്കാരം. വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്ന വാര്‍ഷികാഘോഷ വേളയിലാണ് ഈ ദശപുരസ്കാരങ്ങള് സമര്‍പ്പിക്കുകയെന്ന് കഥകളി ക്ലബ്ബ് സെക്രട്ടറി രമേശന് നമ്പീശന് അറിയിച്ചു.