കുടിവെള്ളവും വൈദ്യുതിയുമില്ല; ചോർന്നൊലിക്കുന്ന കൂരയിൽ ജീവിതം തള്ളിനീക്കി അമ്മയും മകനും
എടക്കുളം: തകർന്നുവീഴാറായ പ്ലാസ്റ്റിക് ഷീറ്റിലെ കൂരയിൽ ജീവിതം തള്ളിനീക്കി ഷണ്മുഖം കനാലിലെ കുടുംബം. കനത്തമഴയിൽ കനാലിലൂടെ വെള്ളം ആർത്തിരമ്പിയെത്തുമ്പോൾ നടുങ്ങുന്നത് കനാലിന്റെ വടക്കേ ബണ്ടിൽ ഒരു സെന്റിലുള്ള കൂരയിലെ ഗീതയും മകൻ അഭീഷുമാണ്. കുടിവെള്ളവും വൈദ്യുതിയുമില്ല.
മഴക്കാലത്ത് കനാലിൽ അൽപം വെള്ളമുയർന്നാൽപോലും ഇവരുടെ കൂരയ്ക്കുള്ളിൽ വെള്ളം കയറും. ഇഴജന്തുക്കളുടെ ശല്യവും രൂക്ഷം. പാമ്പിന്റെ ശല്യമുണ്ടാകുന്നതിനാൽ പല രാത്രികളിലും ഉറങ്ങാതെ ഉണർന്നിരിക്കും. എട്ടുവർഷമായി ഗീതയും മകൻ അഭീഷും ഇവിടെയാണു താമസിക്കുന്നത്. ഗീതയുടെ വലതുകാലിലെ മന്ത് പഴുത്തു നടക്കാൻ ബുദ്ധിമുട്ടാണ്.
ബണ്ടിന്റെ വടക്കുഭാഗത്ത് പാടവും തെക്കുഭാഗത്ത് ഷണ്മുഖം കനാലുമാണ്. ഇരുനൂറു മീറ്ററോളം മാറിയാണു മറ്റു വീടുകൾ. മഴയിൽ പാടത്തു വെള്ളം കയറിയതോടെ വീടിന്റെ വടക്കേമുറ്റത്തേക്കും വെള്ളമെത്തി. ഒന്നുരണ്ടുദിവസംകൂടി മഴ പെയ്താൽ വീടുവിട്ടു പോകേണ്ടിവരും. ഗീതയുടെ ചേച്ചി രാധയുടേതാണു വീടിരിക്കുന്ന ഒരു സെന്റ് പട്ടയഭൂമി. മനവലശേരി വില്ലേജിൽപ്പെട്ട ഭൂമി വാങ്ങാൻ ഉടമയ്ക്ക് പണം കൊടുത്തപ്പോൾ നൽകിയ രസീത് മാത്രമേ ഇവരുടെ കൈയിലുള്ളൂ. മറ്റ് രേഖകളൊന്നും ഇല്ല. സ്കൂൾ വിദ്യാഭ്യാസമില്ലാത്ത രാധയ്ക്ക് അതേക്കുറിച്ച് അറിവുണ്ടായിരുന്നില്ല. പട്ടയം ഉടമ മരിച്ചുപോയി.
വീടില്ലാത്ത ഗീതയ്ക്കു പിന്നീട് രാധ ഈ സ്ഥലം നൽകി. പടിയൂർ പഞ്ചായത്തിൽ സർക്കാർ പതിച്ചുനൽകിയ നാലുസെന്റ് ഭൂമിയിലായിരുന്നു ഗീതയും കുടുംബവും നേരത്തെ താമസിച്ചിരുന്നത്. 18 വർഷംമുൻപ് ഭർത്താവ് മഠത്തിപ്പറമ്പിൽ ലോഹിതാക്ഷൻ മരിച്ചു. മകളുടെ വിവാഹത്തെത്തുടർന്നുള്ള സാമ്പത്തികപ്രതിസന്ധി മൂലം ആ വീടും സ്ഥലവും വിൽക്കേണ്ടിവന്നു. തുടർന്നാണ് രാധയുടെ സമ്മതത്തോടെ ഈ വീട്ടിലേക്ക് താമസം മാറിയത്.
തെങ്ങിൻകഷണങ്ങൾ കെട്ടിയുണ്ടാക്കിയതിനു മുകളിൽ കട്ടിലിട്ടാണ് കിടക്കുന്നത്. വൈദ്യുതി ഇല്ലാത്തതിനാൽ മണ്ണെണ്ണയാണ് ആശ്രയം. റേഷൻ കാർഡ് പിങ്ക് ആയതിനാൽ എട്ട് കിലോ അരിയും അരലിറ്റർ മണ്ണെണ്ണയും കിട്ടും. അരക്കിലോമീറ്ററിലേറെ നടന്നുപോയി കുടിവെള്ളം കൊണ്ടുവരണം. മകൻ അഭീഷ് കൂലിപ്പണിക്കുപോയി കിട്ടുന്ന വരുമാനമാണ് ആകെയുള്ളത്. മരത്തിൽനിന്ന് വീണ് കൈയൊടിഞ്ഞതോടെ ചെറിയ പണികൾക്കുമാത്രമാണു പോകുന്നത്. പടിയൂർ പഞ്ചായത്തിലെ ലൈഫ് പദ്ധതിയിലേക്ക് നേരത്തെ അപേക്ഷ നൽകിയിരുന്നു. പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഒരിക്കൽ പഞ്ചായത്തിൽനിന്ന് അറിയിച്ചെങ്കിലും പിന്നീടു വിവരമൊന്നുമില്ല.