ഇരിങ്ങാലക്കുട ക്രൈസ്റ്റ് ആശ്രമ ദേവാലയത്തിൽ ക്രിസ്തുരാജന്റെ തിരുനാളിന് കൊടിയേറി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് ആശ്രമ ദേവാലയത്തിൽ ക്രിസ്തുരാജന്റെ തിരുനാളിന് കൊടിയേറി. ക്രൈസ്റ്റ് ആശ്രമം പ്രിയോർ ഫാ. ജോയ് പീണിക്കപറമ്പിൽ സിഎംഐ തിരുന്നാൾ കൊടിയേറ്റം നടത്തി. 25ന് രാവിലെ 6.30ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്കും നൊവേനയ്ക്കും ഫാ. പ്രവീണ്‍ പോൾ പുത്തൻചിറക്കാരൻ മുഖ്യ കാർമികത്വം വഹിക്കും.
തുടർന്ന് ക്രിസ്തുരാജന്റെ തിരുസ്വരൂപം എഴുന്നളിച്ചുവയ്ക്കൽ. വൈകിട്ട് 5.30ന് ക്രൈസ്റ്റ് കോളജ് ഓഡിറ്റോറിയത്തിൽ ഭക്തസംഘടനകളുടെ വാർഷികവും ബൈബിൾ കലോത്സവവും സെന്റ് തോമസ് കത്തീഡ്രൽ വികാരി ഫാ. പയസ് ചിറപ്പണത്ത് ഉദ്ഘാടനം ചെയ്യും. 26ന് തിരുന്നാൾ ദിനത്തിൽ രാവിലെ 9.30ന് പ്രസുദേന്തിവാഴ്ച. 10ന് നടക്കുന്ന ആഘോഷമായ തിരുന്നാൾ ദിവ്യബലിക്ക് ഫാ. ഫിനിൽ ഈഴാറത്ത് മുഖ്യകാർമികത്വം വഹിക്കും. ഫാ. ഡയസ് ആന്റണി വചന സന്ദേശം നല്‍കും.
ഫാ. ഡേവിസ് ചെവിടൻ, ഫാ.ജിജോ തട്ടിൽ എന്നിവർ സഹകാർമികരാകും. തുടർന്ന് 200 വിശുദ്ധരുടെ തിരുശേഷിപ്പ് വണക്കത്തിനുളള സൗകര്യമൊരുക്കും. വൈകിട്ട് അഞ്ചിനു നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ. ജേക്കബ് ഞെരിഞ്ഞാംപ്പിളളി മുഖ്യകാർമികത്വം വഹിക്കും. ദിവ്യബലിക്ക് ശേഷം പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശിർവാദം. രാത്രി എട്ടിനു വാദ്യമേളം, കലാസന്ധ്യ, വർണമഴ എന്നിവ ഉണ്ടായിരിക്കും. തിരുനാളിന്റെ ഒരുക്കൾ പൂർത്തിയായതായി ക്രൈസ്റ്റ് ആശ്രമം പ്രിയോർ ഫാ. ജോയ് പീണിക്കപറമ്പിൽ സിഎംഐ പത്രസമ്മേളനത്തിൽ അറിയിച്ചു. ക്രൈസ്റ്റ് ചർച്ച് ഇൻചാർജ് ഫാ.ഡോ. വിൻസെന്റ് നീലങ്കാവിൽ, ജനറൽ കണ്‍വീനർ ബാബു ആന്റണി, പബ്ലിസിറ്റി കണ്‍വീനർ വിനോയ് പന്തലിപ്പാടൻ, ബൈബിൾ കണ്‍വീനർ സിജു യോഹന്നാൻ, ജോയിന്റ് കണ്‍വീനർമാരായ ജോസ് മംഗലത്തുപറന്പിൽ, സൈമണ്‍ കുറ്റിക്കാടൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.