മനുഷ്യാവകാശ കമ്മീഷന് ഇടപെട്ടു: കുടിവെള്ളം മുട്ടില്ല
കരുവന്നൂര്‍: ഇരിങ്ങാലക്കുട നഗരസഭാ രണ്ടാം ഡിവിഷന് കരുവന്നൂര്‍ ബംഗ്ലാവ് ഒമ്പതുമുറി കോളനിയിലെ കുടിവെള്ളപ്രശ്നത്തില്‍ മനുഷ്യാവകാശ കമ്മിഷന് ഇടപെടല്‍. മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശപ്രകാരം വൃത്തിയാക്കിയ കോളനിക്ക് സമീപമുള്ള പൊതുകിണറ്റിലെ വെള്ളം കുടിക്കാന്‍ അനുയോജ്യമാണോയെന്ന് എത്രയും വേഗം പരിശോധിക്കണം. അനുയോജ്യമാണെങ്കില്‍ പൊതുജനങ്ങള്‍ക്ക് നല്‍കണമെന്നും മനുഷ്യാവകാശ കമ്മിഷന് നിര്‍ദേശം നല്കി.
ജല അതോറിറ്റിയുടെ അമൃത് പദ്ധതിപ്രകാരം കോളനിയിലെ പൈപ്പ് ലൈന്‍ മാറ്റുന്നതുവരെ കോളനിയില്‍ ജലക്ഷാമം ഉണ്ടാകുകയാണെങ്കില്‍ പ്രത്യേക പരിഗണന നല്കി കുടിവെള്ളം നല്‍കണമെന്നും കമ്മിഷന് അംഗം വി.കെ. ബീനാകുമാരി നിര്‍ദേശം നല്കി. കമ്മീഷന് ഉത്തരവ് അടിയന്തരപ്രാധാന്യം നല്കി നടപ്പാക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.
കരുവന്നൂര്‍ ബംഗ്ലാവിന് വടക്കുഭാഗത്തുള്ള പഴയ യൂണിറ്റി ടൈല്‍ ഫാക്ടറി വളവിനടുത്ത്
തൃശൂര്‍ – കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയ്ക്ക് ഇരുവശത്തും താഴെയായി താമസിക്കുന്ന പത്തോളം കുടുംബങ്ങളാണ് വര്‍ഷങ്ങളായി കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്നത്. കരുവന്നൂര്‍ പുഴയ്ക്കും വാട്ടര്‍ അതോറിറ്റി പമ്പിംഗ് ഹൗസിനും സമീപത്തായിരുന്നിട്ടും കുടിവെള്ളസൗകര്യമില്ലാത്തതിനാല് കാലങ്ങളായി റോഡ് മുറിഞ്ഞുകടന്നുവേണം ഓരോ ദിവസവും വീടുകളിലേക്കാവശ്യമായ വെള്ളം ശേഖരിക്കാന്‍. ആദ്യകാലത്ത് റോഡിനോട് ചേര്‍ന്നുള്ള പൊതുകിണറ്റില്‍നിന്ന് വീടുകളിലേക്കാവശ്യമായ വെള്ളം ലഭിച്ചിരുന്നു. എന്നാല്‍, കാലങ്ങളായി അത് വൃത്തിയാക്കാത്തതിനാല്‍ മാലിന്യം നിറഞ്ഞ് കാടുകയറിക്കിടക്കുകയായിരുന്നു.
നിരവധി തവണ നഗരസഭയില്‍ പരാതി നല്‍കിയിരുന്നെങ്കിലും പ്രശ്നം പരിഹരിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്നാണ് പൊതുപ്രവര്‍ത്തകനായ ഷിയാസ് പാളയംകോട് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മേയ് 31ന് പൊതുമരാമത്ത് എക്സിക്യുട്ടീവ് എന്‍ജിനീയര്‍, ഇരിങ്ങാലക്കുട നഗരസഭാ സെക്രട്ടറി, മുകുന്ദപുരം തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ എന്നിവരെ കമ്മിഷന് തൃശൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന സിറ്റിംഗില്‍ വിളിച്ചുവരുത്തി നിര്‍ദേശം നല്കി.