നവകേരള സദസിലേക്കു കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം, നേതാക്കളെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.
ഇരിങ്ങാലക്കുട: വന്‍ സാമ്പത്തിക തട്ടിപ്പ് നടന്ന കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ നിക്ഷേപം മുഴുവന്‍ തിരികെ നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നവകേരള സദസിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. കരുവന്നൂര്‍ ബാങ്കിനു മുന്നില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന പട്ടിണി സദസിനു പിന്നാലെയാണ് നവകേരള സദസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.
മാപ്രാണം സെന്ററില്‍ വച്ച് ഇരിങ്ങാലക്കുട പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനീഷ് കരീമിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം തടഞ്ഞു. ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. പോലീസ് ബലപ്രയോഗം നടത്തിയതോടെ നേരിയ തോതില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായി. സംഘര്‍ഷത്തില്‍ പുതുക്കാട് നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വിനോദ് നെന്മണിക്കരക്കു പരിക്കേറ്റു.
പരിക്കേറ്റ വിനോദിനെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേതാക്കളെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹമാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്. കരുവന്നൂര്‍ ബാങ്കിനു മുന്നില്‍ നടത്തി പട്ടിണി സദസ്സില്‍ കോണ്‍ഗ്രസ് സംസ്ഥാന ജില്ലാ നേതാക്കള്‍ അടക്കം നിരവധി പേരാണ് പങ്കെടുത്തത്. തുടര്‍ന്നാണ് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിന്റെ നേതൃത്വത്തില്‍ നവകേരള സദസിലേക്ക് മാര്‍ച്ച് നടത്തിയത്.
കരുവന്നൂര്‍ ബാങ്കിലെ പാവപ്പെട്ട ആയിരങ്ങളുടെ നിക്ഷേപതുക കൊള്ളയടിച്ച് കൊള്ള മുതല്‍ വീതം വെച്ചെടുത്ത സിപിഎം നേതാക്കളെ ആശീര്‍വദിക്കാനാണ് മുഖ്യമന്ത്രി നവ കേരള സദസ്മായി ഇരിങ്ങാലക്കുടയിലെത്തുന്നതെന്ന് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ പറഞ്ഞു. നവകേരളയാത്ര നയിച്ച് ഇരിങ്ങാലക്കുടയിലെത്തിയ പിണറായി വിജയന് കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പണം തിരികെ ലഭ്യമാക്കുന്നതിനുള്ള പ്രഖ്യാപനം ഇരിങ്ങാലക്കുടയില്‍ വെച്ച് തന്നെ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കരുവന്നൂരിലെ ബാങ്കിലെ നിക്ഷേപകര്‍ക്ക് നിക്ഷേപതുക തിരിച്ചു കിട്ടുന്നതു വരെ അതിശക്തമായ പ്രക്ഷോഭ പരിാടികളുായി കോണ്‍ഗ്രസ് മുന്നേട്ടു പോകുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഡിസിസി വൈസ് പ്രസിഡന്റ് ഐ.പി. പോള്‍ അധ്യക്ഷത വഹിച്ചു.
മുന്‍ എംഎല്‍എ അനില്‍ അക്കര, സുനില്‍ അന്തിക്കാട്, സി.സി. ശ്രീകുമാര്‍, ആന്റോ പെരുമ്പിള്ളി, എം.കെ. അബ്ദുള്‍ സലാം, യുഡിഎഫ് ജില്ലാ ചെയര്മാന് എം.പി. വിന്‍സെന്റ്, കെ.ഗോപാലകൃഷ്ണന്, കെ.എഫ്. ഡൊമ്നിക്, കെ.വി. ദാസന്, കല്ലൂര്‍ ബാബു, സജീവന് കുരിയച്ചിറ, ജെയ്ജു സെബാസ്റ്റ്യന്‍, സി.എം. നൗഷാദ്, അനില്‍ പുളിക്കന്‍, സോണിയാ ഗിരി, സി. പ്രമോദ്, അഡ്വ. സുശീല്‍ ഗോപാല്‍, ഹരീഷ് മോഹന്‍, ബൈജു കുറ്റിക്കാടന്‍, സോമന് ചിറ്റേത്ത്, ഷാറ്റോ കുരിയന്‍, സുധന് കാരയില്‍, ഡോ. ജെയിംസ് ചിറ്റിലപ്പിള്ളി, ടി നിര്‍മല, രഹ്ന ബിനീഷ്, റെജി ജോര്‍ജ്, നിഷ രാജേഷ്, റിസന്‍ വര്‍ഗീസ്, സിജോ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.