14 മത് ദേശീയ പല്ലാവൂര്‍ താളവാദ്യ മഹോത്സവം 12 മുതല്‍ കൂടല്‍മാണിക്യ ക്ഷേത്ര നടയില്‍
ഇരിങ്ങാലക്കുട: 2023 ലെ പല്ലാവൂര്‍ ഗുരുസ്മൃതി പുരസ്കാരത്തിന് കലാചാര്യ പയ്യന്നൂര്‍ കൃഷ്ണമണിമാരാരും തൃപ്പേക്കുളം പുരസ്കാരത്തിന് വാദ്യാചാര്യ കുമ്മത്ത് രാമന്‍കുട്ടിയും അര്‍ഹരായി.
ഈ മാസം 12 മുതല്‍ 17 വരെ കൂടല്‍മാണിക്യ ക്ഷേത്ര കിഴക്കേനടയില്‍ നടക്കുന്ന 14 ാമത് ദേശീയ പല്ലാവൂര്‍ താളവാദ്യ മഹോത്സവത്തില്‍ വച്ച് പുരസ്കാരങ്ങള്‍ സമ്മാനിക്കും. 12 ന് വൈകീട്ട് 5.30 ന് നടക്കുന്ന ചടങ്ങില്‍ കൂടിയാട്ട കുലപതി വേണുജി താളവാദ്യ മഹോത്സവത്തിന്റെ ഉദ്ഘാടനവും പുരസ്കാരദാനവും നിര്‍വഹിക്കും. നടിയും നര്‍ത്തകിയുമായ പത്മിനി രാമചന്ദ്രന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പത്മജ്യോതി പുരസ്കാരങ്ങള്‍ നര്‍ത്തകികളായ സുകന്യ രമേഷ്, ഡോ. മേതില്‍ ദേവിക എന്നിവര്‍ക്കും സമ്മാനിക്കുമെന്ന് പല്ലാവൂര്‍ അപ്പുമാരാര്‍ സ്മാരക വാദ്യ ആസ്വാദക സമിതി പ്രസിഡന്റ് കലാനിലയം ഉദയന്‍ നമ്പൂതിരി, സെക്രട്ടറി കണ്ണമ്പിള്ളി ഗോപകുമാര്‍, ട്രഷറര്‍ അജയ് മേനോന് എന്നിവര്‍ അറിയിച്ചു.
17 ന് വൈകീട്ട് ആറിന് നടക്കുന്ന സമാപന ചടങ്ങില്‍ പെരുവനം കുട്ടന്മാരാര് അധ്യക്ഷത വഹിക്കും. ചടങ്ങില്‍ പല്ലാവൂര്‍ അനുസ്മരണ പ്രഭാഷണം ശ്രീവത്സന്‍ തിയ്യാടിയും തൃപ്പേക്കുളം അനുസ്മരണ പ്രഭാഷണം സദനം കൃഷ്ണന്‍കുട്ടിയും നിര്‍വ്വഹിക്കും.