ഡോണ്‍ബോസ്കോ സ്കൂളുകളുടെ ദര്‍ശനം അത്യുദാത്തം: കര്‍ദിനാള്‍ ആലഞ്ചേരി
ഇരിങ്ങാലക്കുട: ഭാരതീയതയും ആത്മീയതയും ഇഴചേര്‍ന്ന അത്യുദാത്തമായ ദര്‍ശനമാണ് ഇന്ത്യയിലെ ഡോണ്‍ബോസ്കോ സ്കൂളുകളുടെ മുഖമുദ്രയെന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇരിങ്ങാലക്കുട ഡോണ്‍ബോസ്കോ സ്കൂളിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോകമെമ്പാടും ഒരു സലേഷ്യന്‍ സംസ്കാരം രൂപപ്പെടുത്താന്‍ ഡോണ്‍ബോസ്കോ സ്ഥാപനങ്ങള്‍ക്കു കഴിയുന്നുണ്ട്. കോല്‍ക്കത്തയിലെയും ഡല്‍ഹിയിലെയും മറ്റും ഡോണ്‍ബോസ്കോ സ്ഥാപനങ്ങള്‍ക്കു മുഖവുരകള്‍ ആവശ്യമില്ല. ഇത്തരമൊരു സംസ്കാരം ഇരിങ്ങാലക്കുടയില്‍ രൂപപ്പെടാനും ഇടയാക്കിയിട്ടുണ്ട്.
ഒരു മനുഷ്യന്റെ ജീവിതയാത്രയില്‍ വ്യക്തിത്വരൂപീകരണ വേളയായ ബാല്യകൗമാരങ്ങളില്‍ ശരിയായ വ്യക്തിത്വം രൂപപ്പെടാന്‍ വിദ്യാഭ്യാസം ഏറെ സഹായിക്കുന്നുണ്ട്. മാര്‍ഗദര്‍ശി, വഴികാട്ടി, ഉത്തമസുഹൃത്ത് എന്നീ നിലകളില്‍ വിദ്യാര്‍ഥികളുടെ പ്രിയങ്കരനായിരുന്ന ഡോണ്‍ബോസ്കോയുടെ പാത പിന്തുടരുകയാണ് ഓരോ സലേഷ്യന്‍ വൈദികനും കുരുന്നുകളെ വലിയ സ്വപ്നങ്ങള്‍ കാണാന്‍ ഡോണ്‍ബോസ്കോ സ്കൂളുകള്‍ പര്യാപ്തമാക്കുന്നു. അതിനു സഹായകമാകുന്ന പഠനാന്തരീക്ഷം ഒരുക്കുന്നതിലും സവിശേഷശ്രദ്ധ പുലര്‍ത്തുന്നുവെന്നു കര്‍ദിനാള്‍ പറഞ്ഞു. ഡോണ്‍ബോസ്കോ സന്യാസ സഭയുടെ ബംഗളൂരു പ്രൊവിന്‍ഷ്യൽ ഫാ. ജോസ് കോയിയ്ക്കല്‍ അധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അനുഗ്രഹപ്രഭാഷണം നടത്തി. റൂറല്‍ എസ്പി ഡോ. നവനീത് ശര്‍മ മുഖ്യാതിഥിയായിരുന്നു.
ജൂബിലി സ്മാരകമായി നിര്‍ധന കുടുംബത്തിനു പണിതു നല്കിയ ജൂബിലി ഭവന്റെ താക്കോല്‍ദാനം കര്‍ദിനാള്‍ നിര്‍വഹിച്ചു. ഡോണ്‍ബോസ്കോ ഡയമണ്ട് ജൂബിലി സ്കോളര്ഷിപ്പിലേക്ക് പൂര്‍വവിദ്യാര്‍ഥികള്‍ നല്കിയ സംഭാവന റെക്ടര്‍ ഫാ. ഇമ്മാനുവല്‍ വട്ടക്കുന്നേല്‍ ഏറ്റുവാങ്ങി. പൂര്‍വവിദ്യാര്‍ഥിയും ഹൊസൂര്‍ രൂപത ബിഷപ്പുമായ മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പില്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ മേരിക്കുട്ടി ജോയ്, ജനറല്‍ കണ്‍വീനര്‍ പോള്‍ ജോസ് തളിയത്ത്, ഫാ. സന്തോഷ് മാത്യു, ഫാ. ജോയ്സന്‍ മുളവരിക്കല്‍, ഫാ. മനു പീടികയില്‍, സിസ്റ്റര്‍ ഓമന വി.പി, ഫാ. ജോസിന് താഴത്തേട്ട്, ടെന്‍സന്‍ കോട്ടോളി, സെബി മാളിയേക്കല്‍, ശിവപ്രസാദ് ശ്രീധരന്, സിബി പോള്‍ അക്കരക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.