ഇരിങ്ങാലക്കുട ആയുര്‍വേദ ആശുപത്രി നവീകരണം; നാഷണല്‍ ഹെല്‍ത്ത് മിഷനില്‍നിന്നും ഒരു കോടി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ആയുര്‍വേദ ആശുപത്രിയുടെ നവീകരണത്തിനായി നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ നിന്ന് ഒരു കോടി രൂപ അനുവദിച്ചു. ആയുഷ് മിഷനില്‍ നിന്നുള്ള വിദഗ്ധസംഘം ആശുപത്രി സന്ദര്‍ശനം പൂര്‍ത്തിയാക്കി. 1989 ല്‍ നിര്‍മിച്ച രണ്ടു നിലകളിലായുള്ള കെട്ടിടത്തില്‍ ജനറല്‍ വാര്‍ഡ്, ഡോക്ടര്‍മാരുടെ നാല് മുറികള്‍, ഓഫീസ്, ലാബ്, ഫാര്‍മസി, അടുക്കള എന്നിവയാണു പ്രവര്‍ത്തിച്ച് വരുന്നത്. നിലവിലുള്ള കെട്ടിടം പൊളിച്ചു പണിയാനുള്ള ആശയമാണ് ആദ്യം ഉണ്ടായിരുന്നതെങ്കിലും ഫണ്ട് തികയില്ലെന്നതുകൊണ്ടും പ്രവര്‍ത്തനങ്ങള്‍ മറ്റൊരിടത്തേക്ക് മാറ്റാനുള്ള സാധ്യതയില്ലാത്തതുകൊണ്ടും നിലവിലെ കെട്ടിടത്തിന്റെ നവീകരണത്തിനായി ഫണ്ട് ഉപയോഗിക്കാനുള്ള മാര്‍ഗങ്ങളാണ് ആരോഗ്യ സ്ഥാപനത്തിന്റെ ചുമതലയുള്ള നഗരസഭയും ആശുപത്രി അധികൃതരും തേടുന്നത്.
നഗരസഭ ചെയര്‍പേഴ്സന്റെ സാന്നിധ്യത്തില്‍ ആശുപത്രി വികസനസമിതി യോഗങ്ങളും ഇതിന്റെ ഭാഗമായി കൂടിക്കഴിഞ്ഞു. ഒപി ബ്ലോക്കിന്റെ റീ പ്ലാസ്റ്ററിംഗ്, ഇലക്ട്രിക് വര്‍ക്കുകള്‍ മാറ്റൽ, അടുക്കളയോടു ചേര്‍ന്നുള്ള സ്റ്റോര്‍ മുറിയുടെ നവീകരണം, പഴയ കെട്ടിടവും കഴിഞ്ഞ വര്‍ഷം നിര്‍മാണം പൂര്‍ത്തീകരിച്ച പുതിയ കെട്ടിടവും തമ്മില്‍ കണ്ക്ഷന് നിര്‍മിക്കൽ, രണ്ടാംനില പൊളിച്ചു പണിയൽ, തുടങ്ങി 14 ഇനം പ്രവൃത്തികളാണ് ഒരു കോടി രൂപ വിനിയോഗിച്ച് നടത്താന്‍ ലക്ഷ്യമിട്ടിരിക്കുന്നത്.
കെട്ടിടത്തിന്റെ സ്റ്റബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെയുള്ള രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അടുത്ത ദിവസം തന്നെ പ്രൊജക്ട് റിപ്പോര്‍ട്ടും രേഖകളും ആയുഷ് മിഷനിലേക്ക് ആശുപത്രി അധികൃതര്‍ സമര്‍പ്പിക്കും. അതേസമയം ആശുപത്രിയില്‍ രണ്ടു ഘട്ടമായി കഴിഞ്ഞ വര്‍ഷം പണിപൂര്‍ത്തീകരിച്ച പുതിയ മൂന്ന് നില കെട്ടിടത്തില്‍ ലിഫ്റ്റ്, സോളാര്‍ പാനല്‍, ഇന്‍സിനേറ്റര്‍, ഫയര്‍ അലാം സംവിധാനങ്ങള്‍ എന്നിവ നിര്‍മാണ തുകയില്‍ മിച്ചമുള്ള 62 ലക്ഷം രൂപ കൊണ്ട് യാഥാര്‍ഥ്യമാക്കാനുള്ള ആലോചനകളും സജീവമായിട്ടുണ്ട്.