കാനനിര്മാണത്തെ ചൊല്ലി തര്‍ക്കം വീട്ടമ്മ കാനയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു
കാറളം: കാറളം താണിശേരിയില്‍ കാനനിര്‍മ്മാണത്തെ ചൊല്ലി തര്‍ക്കം. വീട്ടമ്മ കാനയില്‍ ജെസിബിക്കു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് പോലീസെത്തി പണികള്‍ താത്കാലികമായി നിര്‍ത്തിവയ്പിച്ചു. കാറളം പഞ്ചായത്ത് വാര്‍ഡ് 12ല്‍ ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള താണിശേരി – വെള്ളാനി റോഡിലാണ് എട്ടുമീറ്റര്‍ കാനനിര്മണം നടക്കുന്നത്. കല്ലട ക്ഷേത്രത്തിനു സമീപത്തുള്ള കല്ലടവീട്ടില്‍ രതി ലെനിന് എന്ന വീട്ടമ്മയുടെ പറമ്പിന്റെ അതിര്‍ത്തി കൈയേറി കാനനിര്‍മാണത്തിനായി മണ്ണ് നീക്കംചെയ്തുവെന്നാരോപിച്ചാണ് രതി മണ്ണ് നീക്കംചെയ്ത സ്ഥലത്തിരുന്ന് പ്രതിഷേധിച്ചത്. ഇവരുടെ പറമ്പ് കൈയേറി നാലോളം മരങ്ങള്‍ മുറിച്ചുനീക്കിയെന്നും പറയുന്നു. രാവിലെ നിര്‍മാണത്തിനായി തൊഴിലാളികള്‍ എത്തിയപ്പോള്‍ രതിയും മക്കളും നിര്‍മാണം തടഞ്ഞു. ഇതേക്കുറിച്ച് കാട്ടൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍പോയ സമയത്താണ് മരങ്ങള്‍ മുറിച്ച് മണ്ണ് നീക്കംചെയ്തതെന്ന് ഇവര്‍ പറഞ്ഞു. ഒരുമാസം മുമ്പാണ് കാന നിര്‍മാണം ആരംഭിച്ചത്. എന്നാല്‍ രതിയുടെ സ്ഥലത്ത് പണികള്‍ എത്തിയപ്പോള്‍ തര്‍ക്കം ഉണ്ടാകുകയും പണികള്‍ നിര്‍ത്തിവയ്ക്കുകയുമായിരുന്നു. പല രീതിയിലും പ്രശ്നം ഒത്തു തീര്‍പ്പാക്കുവാന്‍ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. എന്നാല്‍ ഇന്നലെ യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ് കരാറുകാരന് ജെസിബിയുമായി കാന നിര്‍മാണത്തിന് എത്തിയത്. കുറച്ചുനാള്‍ മുമ്പ് ലാന്‍ഡ് ട്രൈബ്യൂണലില്‍നിന്നും അളന്ന് അതിര്‍ത്തി നിശ്ചയിച്ചശേഷം അഞ്ചുലക്ഷം രൂപ ചെലവില്‍ ഫൗണ്ടേഷന് നിര്‍മിക്കുകയും മണ്ണടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ സ്ഥലമാണ് കെെയേറി ജെസിബി ഉപയോഗിച്ച് മണ്ണ് കൊണ്ടുപോയതെന്ന് വീട്ടമ്മ പറഞ്ഞു. വീട്ടിലേക്കുള്ള കുടിവെള്ള കണക്ഷനുകളും ഇവര്‍ പെട്ടിച്ചു. എന്നാല്‍ സര്‍വേക്കല്ലുകള്‍ കേന്ദ്രീകരിച്ചാണ് കാന നിര്‍മാണം നടത്തുന്നതെന്നും ഇവരുടെ പറമ്പിന് പുറത്ത് ഇത്തരത്തിലുള്ള കല്ലുകള്‍ അടിസ്ഥാനമാക്കിയാണ് കാനയ്ക്കായി മണ്ണ് നീക്കം ചെയ്തതെന്നുമാണ് കരാറുകാരന് പറയുന്നത്. ജില്ലാ പഞ്ചായത്ത് അധികൃതര്‍ സ്ഥലംസന്ദര്ശിച്ചതിനു ശേഷമേ പണി പുനരാംരിക്കുകയുള്ളു.