123 മണിക്കൂര്‍ തുടര്‍ച്ചയായി ബൈബിള്‍ പരായണം; ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാര്‍ഡ് നടവരമ്പ് സെന്റ് മേരീസ് അസംപ്ഷന്‍ ഇടവകയ്ക്ക്
എട്ട് മുതല്‍ 82 വയസുവരെ പ്രായമുള്ള 455 പേര് പങ്കാളികളായി
നടവരമ്പ്: 123 മണിക്കൂര്‍ തുടര്‍ച്ചയായി ബൈബിള്‍ പരായണത്തില്‍ ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാര്‍ഡ് നടവരമ്പ് സെന്റ് മേരീസ് അസംപ്ഷന്‍ ഇടവകയ്ക്കു ലഭിച്ചു. എട്ടു മുതല്‍ 82 വയസു വരെയുള്ള 455 പേരാണ് ബൈബിള്‍ പരായണത്തില്‍ പങ്കെടുത്തത്. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ബൈബിള്‍ വായിച്ച് അഖണ്ഡ ബൈബിള്‍ പാരായണത്തിനു സമാപനം കുറിച്ചു. ഇടവക വികാരി ഫാ. വര്‍ഗീസ് ചാലിശേരി അധ്യക്ഷത വഹിച്ചു.
ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാര്‍ഡ്സിന്റെ പ്രതിനിധികളായ ജോസ് മാളിയേക്കല്‍, പീറ്റര്‍ പുന്നേലിപ്പറമ്പില് എന്നിവര്‍ റിക്കാര്‍ഡ് പ്രഖ്യാപനം നടത്തി. ട്രസ്റ്റി ജോണ്സണ് മാളിയേക്കല്‍, കണ്‍വീനര്‍ കെ.സി. ജോയി കോമ്പാറക്കാരന്‍, കേന്ദ്രസമിതി പ്രസിഡന്റ് പോള്‍ ഡേവിഡ് പാറേക്കാടന്‍, ജോയിന്റ് കണ്‍വീനര്‍ ജോസഫ് മാളിയേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
ഈ മാസം 12 ന് രാവിലെ എട്ടിന് ആരംഭിച്ച ബൈബിള്‍ പാരായണം രാപ്പകല്‍ വ്യത്യാസമില്ലാതെ 123 മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് ഈ നേട്ടം കൈവരിക്കാനായത്. ഇടവകയിലെ 455 കുടുംബങ്ങളെ പ്രതിനിധീകരിച്ചാണ് 455 പേര് ബൈബിള്‍ പാരായണത്തില്‍ പങ്കെടുത്തത്. ബൈബിള്‍ പാരായണം നടത്തിയതില്‍ ഏറ്റവും പ്രായം കുറഞ്ഞ റോസറി വിക്ടര്‍ കാരാത്രക്കാരന്‍, ഇസബെല്‍ റോസ് ജിലീബ് പൊട്ടത്തുപറമ്പില്‍, നിയോ മെല്വിന് മാളിയേക്കല്‍, വി.എസ്. എബിന് വെളിയത്തുപറമ്പില്, സിയ സേവ്യര്‍ പാറേക്കാടന്‍ എന്നിവരെയും ഏറ്റവും പ്രായം കൂടിയ ജോണ്സന് പൊട്ടത്തുപറമ്പില്‍, ആന്റണി മാളിയേക്കല്‍, ചാക്കോ മാളിയേക്കല്‍, ജോര്‍ജ് പാറേക്കാടന്‍ എന്നിവരെയും ചടങ്ങില്‍ അനുമോദിച്ചു.