സന്മനസ്സുള്ളവര്ക്ക് ഭൂമിയില്‍ സമാധാനം: മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: ക്രിസ്തുവിന്റെ ജനനം അനുസ്മരിക്കുന്ന ക്രിസ്മസ് എല്ലാവര്ക്കും സമാധാനവും സന്തോഷവും പകരട്ടെ. തനിക്ക് താന്‍ തന്നെ രക്ഷകനെന്ന വ്യക്തിപരതയില്‍ ദൈവിക വെളിപ്പാടുകളെയും ഇടപെടലുകളെയും തിരസ്കരിക്കുന്ന ആശയസംഹിതകള്‍ ഇന്ന് വ്യാപകമാണ്. വ്യക്തിവാദം, സുഖലോലുപതാ വാദം തുടങ്ങിയ ആശയഗതികളെല്ലാം മനുഷ്യനെ ദൈവത്തിന്റെ സ്ഥാനത്ത് പ്രതിഷ്ഠിക്കുവാന്‍ വെമ്പല്ക്കൊള്ളുമ്പോള് രക്ഷയും രക്ഷകനും അസ്ഥാനത്താകും. വ്യക്തി സായുജ്യത്തില്‍ അധിഷ്ഠിതമായ ഭൗതിക സംതൃപ്തിയിലും പുരോഗതിയിലും ജീവിതസാഫല്യം കണ്ടെത്താന്‍ ശ്രമിക്കുന്നവരില്‍ കഠിനമായ നിരാശബോധം ഇന്ന് വളരെ പ്രകടമാണ്. മനുഷ്യനിര്‍മിത പ്രത്യയശാസ്ത്രങ്ങള്‍ എവിടെയും മനുഷ്യനെ എത്തിക്കുന്നില്ല. ഭൗതിക പുരോഗതി അവനെ ഉന്മത്തനാക്കുന്നെങ്കിലും മനുഷ്യന്റെ അതീന്ദ്ര ചോദനകളെ അത് സംതൃപ്തമാക്കുന്നില്ല. വിധേയത്വമുള്ള അനുസരണമാണ് ഒരുവനെ സമാധാനപൂര്ണനാക്കുന്നത്. പരിശുദ്ധ കന്യകാമറിയവും യൗസേപ്പിതാവും ആട്ടിടയന്മാരും, പൂജരാജാക്കന്മാരും അനുഭവിച്ചത് സമാധാനപൂര്‍ണമായ ഈ സംതൃപ്തിയാണ്. ഓരോ ക്രിസ്മസ് കാലഘട്ടവും നമ്മെ വിളിക്കുന്നത് ഈ സമാധാനം സ്വന്തമാക്കാനാണ്; ഈ സന്മനസ്സുണ്ടാകുവാനാണ്. ഹൃദയശുദ്ധിയോടുകൂടി ജീവിക്കുമ്പോള്‍ രക്ഷകന്റെ സമാധാനം ജീവിത പ്രതിസന്ധികള്‍ക്കിടയിലും നമുക്ക് അനുഭവവേദ്യമാകും. അതാണ് യുദ്ധവും കലാപങ്ങളുംകൊണ്ട് അശാന്തമായ ഈ ലോകത്തിനുള്ള ക്രിസ്മസ് സന്ദേശം. ഹൃദയശുദ്ധിയുള്ളവര്‍ക്കാണ് ദൈവദര്‍ശനം സാധ്യമാകുന്നതും തത്ഫലമായി സമാധാനവും സന്തോഷവും ലഭിക്കുന്നതും. കാരണം അവര്‍ക്ക് സന്മനസ്സുണ്ടാകും. അതാണ് മാലാഖമാര്‍ പാടിയത്, അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി, ഭൂമിയില്‍ സന്മനസ്സുകള്ക്ക് സമാധാനം. സമ്പത്തുള്ളവര്‍ക്കും ആരോഗ്യമുള്ളവര്‍ക്കും ആള്ബലമുള്ളവര്ക്കും മാത്രമാണ് സമാധാനം ലഭിക്കുക എന്ന് തെറ്റിദ്ധരിക്കുന്നവര്‍ക്ക് പുല്‍ക്കൂട് നല്കുന്ന സന്ദേശം ഇതുതന്നെയാണ്. ഹൃദയശുദ്ധിയുള്ളവര്‍ക്ക് സന്മനസ്സുണ്ടാകും. സന്മനസ്സുള്ളവര്ക്ക് സമാധാനമുണ്ടാകും. പുല്‍ക്കൂട്ടില്‍ പിറന്ന് ഏവര്‍ക്കും അനുകരിക്കാവുന്ന ജീവിതം കാഴ്ചവച്ച ക്രിസ്തുവിന്റെ മനസ്സാണ് ദൈവത്തിന്റെ സന്മനസ്സ്. ഇല്ലായ്മകളില്‍ സംതൃപ്തരാകുവാനും ചെറുതാക്കപ്പെടുന്നതില് നിരാശരാകാതിരിക്കുവാനുമുള്ള വലിയ മനസ്സ്. കല്ലെറിഞ്ഞു കൊല്ലേണ്ടവളെ ചേര്‍ത്തു പിടച്ച അവളുടെ അഭിമാനത്തിനും ജീവനും കാവലാളായ യൗസേപ്പിതാവിന്റെ സന്മനസ്സ്; അപകടകരമാണെന്നറിഞ്ഞിട്ടും ദൈവഹിതത്തിനു സമ്മതമരുളുകയും കാലിത്തൊഴുത്തില്‍ ദൈവപുത്രന് ജന്മം നല്‍കേണ്ടി വന്നിട്ടും പതറാതെ ദൈവത്തിലാശ്രയിച്ച് നിന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ സന്മനസ്സ്; ദൂതന്മാരുടെ സദ്വാര്‍ത്തയില്‍ വിശ്വസിച്ച് ബത്ലഹേമിലെ പുല്‍ക്കൂട് തേടി അതിവേഗം യാത്ര തിരിക്കുന്ന ആട്ടിടയന്മാരുടെ സന്മനസ്സ്; അകലെ നിന്നുള്ള ദിവ്യാഹ്വാനം അറിഞ്ഞ് ക്രിയാത്മകമായി പ്രതികരിച്ച് പുല്‍ക്കൂട്ടിലേക്ക് ഓടിയെത്തുന്ന പൂജരാജാക്കന്മാരുടെ സന്മനസ്സ്. ഇവരെല്ലാം അത്യുന്നതന്റെ സമാധാനം അറിഞ്ഞു. അവര്‍ക്ക് മാത്രമായിരുന്നു രക്ഷകന്റെ സമാധാനം അനുഭവിക്കാന്‍ സാധിച്ചത്. സന്മനസ്സുള്ളവര്ക്ക് വെളിപ്പെടുത്തി കിട്ടുന്നതാണ് സമാധാനം. ഇതാണ് ക്രിസ്മസിന്റെ സര്വകലാതീതമായ ഓര്‍മപ്പെടുത്തല്‍.