നട്ടെല്ല് തകര്ന്നു കിടക്കുന്നവര്ക്ക് ചികിത്സ ഉറപ്പാക്കാന് നിപ്മറിന്റെ പദ്ധതി രേഖ
ചികിത്സ കിട്ടാതെ ദുരിതമനുഭവിക്കുന്നത് ആയിരങ്ങള്
നിപ്മറില് 300 കിടക്കകളുള്ള ആശുപത്രി വേണമെന്ന് ആവശ്യം
ഇരിങ്ങാലക്കുട: സംസ്ഥാനത്ത് നട്ടെല്ലിന് ക്ഷതമേറ്റ് ആവശ്യമായ ചികിത്സ കിട്ടാതെ ദുരിതമനുഭവിക്കുന്നത് ആയിരങ്ങള്. ഇവര്ക്ക് കൂടി ചികിത്സ ഉറപ്പാക്കുന്നതിനുള്ള ബൃഹത് പദ്ധതി രേഖ നിപ്മര് സര്ക്കാരിന് സമര്പ്പിച്ചു. 45447 റോഡപകടങ്ങളാണ് (ഒക്ടോബര് വരെയുള്ള കണക്ക്) സംസ്ഥാനത്താകെ 2023ല് മാത്രം നടന്നിട്ടുള്ളത്. ഇതില് 44% പേര്ക്കും സ്പൈനല് കോഡിന് ക്ഷതമേല്ക്കുന്നുണ്ടെന്നാണ് ഇന്ത്യന് സ്പൈനല് കോഡ് ഇന്ജ്വറീസ് സെന്റേഴ്സിന്റെ (ഐഎസ്ഐസി) പഠനത്തില് വ്യക്തമാക്കുന്നത്. 20 മുതല് 40 വയസു വരെയുള്ളവരാണ് അപകടത്തില്പ്പെടുന്നവരിലേറെയും അപകടം സംഭവിച്ചതിനു ശേഷമുള്ള ട്രോമാകെയര് സംവിധാനത്തിനു പുറമെ നടത്തേണ്ട പുനരധിവാസ ചികിത്സയ്ക്കുള്ള സംവിധാനങ്ങള് സര്ക്കാര് മെഡിക്കല് കോളജുകളില് കുറവാണ്. കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം ആലപ്പുഴ മെഡിക്കല് കോളജുകളിലെ ഫിസിക്കല് മെഡിസിന് ആന്ഡ് റീഹാബിലിറ്റേഷന് വിഭാഗങ്ങളിലായി ആകെ 150 കിടക്കകളാണ് പുനരധിവാസ ചികിത്സക്കായി നീക്കിവച്ചിട്ടുള്ളത്. കൂടാതെ സാമൂഹ്യ നീതിവകുപ്പിന് കീഴിലുള്ള നിപ്മറില് എട്ട് കിടക്കകളുള്ള സൗകര്യവും ലഭ്യമാണ്. എന്നാല് അപകടം, വീഴ്ച്ച, സ്ട്രോക്ക്, ആക്യൂട്ട് ബ്രെയിന് ഇഞ്ചുറി തുടങ്ങിയ അവസ്ഥകള് നേരിടുന്ന വ്യക്തികള്ക്ക് തുടര് ചികിത്സാസൗകര്യം അപര്യാപ്തമാണ്.അതുകൊണ്ടു തന്നെ സ്പൈനല് കോഡ് തകര്ന്നവരുള്പ്പടെയുള്ളവരുടെ പുനരധിവാസം ഏറെ പ്രതിസന്ധിയിലാണ്. സ്വകാര്യ മേഖലയിലെ വന്കിട സ്വകാര്യ ആശുപത്രികളില് വലിയ ചെലവാണ് വരുന്നത്. 8000 മുതല് 10,000 രൂപ വരെയാണ് പ്രതിദിന ചികിത്സാ ചെലവ്. ഇതു താങ്ങാനാകാതെ സാധാരണക്കാരുള്പ്പടെയുള്ളവര് വീടുകളില് നരകയാതന അനുഭവിക്കുകയാണ്. പൊതുമേഖലയില് അത്യാധുനിക സൗകര്യങ്ങളുള്ള ഏക പുനരധിവാസ ആശുപത്രി സാമൂഹ്യനീതി വകുപ്പിന്റെ കീഴില് പ്രവര്ത്തിക്കുന്ന തൃശൂര് കല്ലേറ്റുംകരയിലെ നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല് മെഡിസിന് ആന്ഡ് റീഹാബിലിറ്റേഷനാണ് (നിപ്മര്). പുനരധിവാസ മേഖലയിലെ വെര്ച്വല് റിയാലിറ്റി അധിഷ്ഠിതമായ ഫിസിയോതെറാപി, ഹൈഡ്രോതെറാപി, ഗെയ്റ്റ് ആന്ഡ് മോഷണല് അനാലിസിസ് ലാബ് ഉള്പ്പടെ ആധുനിക സംവിധാനങ്ങള് നിപ്റിലുണ്ട്. എന്നാല് ഒരേ സമയം എട്ടു പേരെ ചികിത്സിക്കുന്നതിനുള്ള സംവിധാനം മാത്രമാണ് നിപ്മറിലുള്ളത്. അതുകൊണ്ടു തന്നെ ചികിത്സാവശ്യത്തിനായി എത്തുന്ന നിരവധി പേരെ തിരിച്ചയക്കേണ്ട സാഹചര്യമാണുള്ളതെന്ന് നിപ്മര് സപൈനല് കോഡ് ഇന്ജ്വറി യൂണിറ്റ് ചുമതല വഹിക്കുന്ന ഫിസിയാട്രിസ്റ്റ് ഡോ. ടി.വി. നീന പറഞ്ഞു. നട്ടെല്ലിന് പരുക്കേറ്റവരെ വീല്ചെയറില് ഇരിയ്ക്കാന് സാധിക്കുന്നതു വരെയുള്ള പുനരധിവാസ ചികിത്സയ്ക്ക് കൂടുതല് പ്രൊഫഷണലുകളുടെ ഇടപെടല് ആവശ്യമുണ്ട്. ഫിസിയോതെറാപ്പി, ഒക്യുപേഷണല് തെറാപി, സൈക്കോ തെറാപി, ഡയറ്റീഷ്യന്റെ സേവനം ഉള്പ്പടെ വേണമെന്നുള്ളതു കൊണ്ടാണ് വന് ചെലവ് വരുന്നത്. ഈ സാഹചര്യത്തില് നിപ്മറില് 300 ബെഡുകളുള്ള പുനരധിവാസ ആശുപത്രി വേണമെന്നാണ് ആവശ്യം. ഇതിനായി പുതിയ കെട്ടിടങ്ങളും സ്ഥലവും വേണം. ആശുപത്രി വികസനത്തിനായി മിതമായ വിലയില് ആറേക്കര് സ്ഥലം വിട്ടു നല്കാമെന്ന് ആളൂര് പഞ്ചായത്തിലെ ആറു പേര് സര്ക്കാരിനെ അറിയിച്ചിട്ടുണ്ട്. പൊതുമേഖലയിലെ ഏക പുനരധിവാസ സ്ഥാപനമായ നിപ്മറില് 300 കിടക്കകളുള്ള ആശുപത്രി അനുവദിച്ചാല് കിടപ്പു രോഗികള്ക്ക് വലിയൊരു ആശ്വാസമാകുമെന്നാണ് വിലയിരുത്തല്.