ഇരിങ്ങാലക്കുട നഗരത്തിലെ ആദ്യത്തെ സ്മാര്‍ട് ബസ്റ്റോപ്പ് ഇന്ന് നാടിന് സമര്‍പ്പിക്കും
ഇരിങ്ങാലക്കുട: ഠാണാ-ചാലക്കുടി റോഡില്‍ ജനറല്‍ ആശുപത്രി കവാടത്തിന് സമീപം നിര്‍മിച്ച നഗരത്തിലെ ആദ്യത്തെ സ്മാര്‍ട് ബസ്റ്റോപ്പ് ഇന്ന് നാടിന് സമര്‍പ്പിക്കും. ഇന്ന് ഉച്ചത്തിരിഞ്ഞ് നാലിന് മന്ത്രി ഡോ. ആര് ബിന്ദു ബസ്റ്റോപ്പ് ഉദ്ഘാടനം ചെയ്യും. മന്ത്രി ആര്. ബിന്ദുവിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 12 ലക്ഷം രൂപ ചെലവഴിച്ചാണ് സ്മാര്‍ട് ബസ് സ്റ്റോപ്പ് നിര്‍മിച്ചിരിക്കുന്നത്. 8.5 മീറ്റര്‍ നീളത്തില്‍ 2.5 വീതിയില്‍ രണ്ട് ഭാഗങ്ങളായിട്ടാണ് കാത്തിരിപ്പുകേന്ദ്രം നിര്‍മിച്ചിരിക്കുന്നത്. സോളാര്‍ പാനല്‍ ഉപയോഗിച്ചാണ് ബസ്റ്റോപ്പിനു വൈദ്യുതി ലഭ്യമാക്കുന്നത്. വെളിച്ചം, സുരക്ഷയ്ക്കായി ക്യാമറകള്‍, വൈഫൈ സംവിധാനം, മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജിംഗ് പോയിന്റുകള്‍, റേഡിയോ, ബുക്ക് ഷെല്‍ഫ് എന്നി സംവിധാനങ്ങളെല്ലാം പുതിയ ബസ്റ്റോപ്പില്‍ സജ്ജമാക്കിയിട്ടുണ്ട്. ജനറല്‍ ആശുപത്രിയിലെത്തി മടങ്ങുന്ന രോഗികളും ചാലക്കുടി, കൊടകര, വെള്ളികുളങ്ങര, ആനന്ദപുരം മേഖലയിലേക്ക് പോകുന്ന മറ്റു യാത്രക്കാരും ആശ്രയിച്ചിരുന്ന ഏകദേശം 40 വര്‍ഷം പഴക്കമുള്ള ബസ് സ്റ്റോപ്പിന്റെ മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് അടര്‍ന്നു വീണു തുടങ്ങി പരാതികള്‍ ഉയര്‍ന്നതോടെ ഒരു വര്‍ഷം മുമ്പാണ് പൊതുമരാമത്ത് വകുപ്പ് ബസ്റ്റോപ്പ് പൊളിച്ചു മാറ്റിയത്. ബസ്റ്റോപ്പിന് മോടി കൂട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ ചിത്രരചനയും ചുരിലുണ്ട്. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തംഗവും ചിത്രകാരനുമായ എടത്തിരിഞ്ഞി സ്വദേശി രാജേഷ് അശോകനും യുവ ചിത്രകാരികളായ ലക്ഷ്മി പ്രിയ, ജയലക്ഷ്മി എന്നിവര്‍ ചേര്‍ന്നാണ് ചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്.. നഗരത്തിലെ പ്രധാന ആരാധനാലയങ്ങളും, കലാരൂപങ്ങളുമാണ് ചുമരില്‍ വരയ്ച്ചിരിക്കുന്നത്.