ഗവ. ഗേള്‍സ് സ്കൂളിന്റെ താത്കാലിക ചുറ്റുവേലി പൊളിഞ്ഞുവീണു
ഇരിങ്ങാലക്കുട: ചെട്ടിപ്പറമ്പില്‍ സ്ഥിതിചെയ്യുന്ന ഗവ. ഗേള്‍സ് സ്കൂളിന്റെ താത്കാലിക ചുറ്റുവേലി പൊളിഞ്ഞുവീണു. കഴിഞ്ഞ വര്‍ഷം സ്കൂള്‍ കെട്ടിടനിര്‍മാണത്തിനായി സാമഗ്രികള്‍ കൊണ്ടുവരുന്നതിനായിട്ടാണ് സ്കൂള്‍ മതില് പൊളിച്ചത്. അതിനുശേഷം ഇവിടെ തകരഷീറ്റുകള്വെച്ച് താത്കാലികമായി വേലികെട്ടി മറച്ചിരിക്കുകയായിരുന്നു. ഇതാണ് റോഡിലേക്ക് ചെരിഞ്ഞത്. തകരഷീറ്റുകള്‍ റോഡിലേക്ക് മറിഞ്ഞുവീണതോടെ ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. ഷീറ്റുകള്‍ അടിയന്തരമായി പൊളിച്ചുനീക്കി ചുറ്റുമതില്‍ പുനര്‍നിര്‍മിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. അതേ സമയം മുള ദ്രവിച്ചതാണ് ഷീറ്റുകള്‍ ചെരിഞ്ഞുവീഴാന്‍ കാരണമായതെന്ന് കൗണ്‍സിലര്‍ അവിനാശ് പറഞ്ഞു. രണ്ട് ദിവസത്തിനകം മതില് താത്കാലികമായി പുനഃസ്ഥാപിക്കും. ഗേള്‍സ് സ്കൂളിന്റെ ചുറ്റും പൈതൃക മതിലിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. മാര്‍ച്ചിനുള്ളില്‍ അതിന്റെ പണി ആരംഭിക്കുമെന്നാണ് കരുതുന്നതെന്നും കൗണ്‍സിലര്‍ കൂട്ടിച്ചേര്‍ത്തു.