കരുവന്നൂർ പള്ളിയിൽ അമ്പുതിരുനാളിന് കൊടികയറി
കരുവന്നൂർ: സെന്റ് മേരീസ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പുതിരുനാളിനു കൊടിയേറി. വികാരി ഫാ. ജോസഫ് തെക്കേത്തല കൊടിയേറ്റുകർമം നിർവഹിച്ചു. 21നാണു തിരുനാൾ. 22 വരെ രാവിലെ 6.30ന് നവനാൾ കർമങ്ങൾ, പ്രസുദേന്തിവാഴ്ച, ലദീഞ്ഞ്, നൊവേന, ദിവ്യബലി എന്നിവ ഉണ്ടായിരിക്കും. 19ന് രാത്രി 7.30 ന് പിണ്ടിയിൽ തിരി തെളിയിക്കൽ, ദീപാലങ്കാരം സ്വിച്ച് ഓണ്‍ കർമം. 20ന് രാവിലെ 6.30ന് രൂപം എഴുന്നള്ളിക്കൽ, പ്രസുദേന്തിവാഴ്ച, ദിവ്യബലി എന്നിവയ്ക്ക് ജൂബിലേറിയൻ ഫാ. ജോയ് മടത്തുംപിടി കാർമികത്വം വഹിക്കും. തുടർന്ന് വീടുകളിലേക്ക് അമ്പെഴുന്നള്ളിപ്പ് നടക്കും.
രാത്രി 10ന് അമ്പുപ്രദക്ഷിണങ്ങൾ പള്ളിയിൽ സമാപിക്കും. തിരുനാൾ ദിനമായ 21ന് രാവിലെ 6.30 ന് ദിവ്യബലിക്ക് ഫാ. ഡേവിസ് കല്ലിങ്കൽ കാർമികത്വം വഹിക്കും. 10ന് നടക്കുന്ന ആഘോഷമായ തിരുനാൾ ദിവ്യബലിക്കു ഫാ. വിത്സൻ മൂക്കനാംപറമ്പിൽ കാർമികത്വം വഹിക്കും. തൃശൂർ മേജർ സെമിനാരി പ്രഫസർ ഫാ. ഡോ. വിൻസന്റ് ആലപ്പാട്ട് തിരുനാൾ സന്ദേശം നൽകും. ഇടവക വൈദികർ സഹകാർമികരായിരിക്കും. വൈകീട്ട് നാലിന് തിരുനാൾ പ്രദക്ഷിണം ആരംഭിച്ച് രാത്രി ഏഴിനു പള്ളിയിൽ സമാപിക്കും.
തുടർന്ന് തിരുശേഷിപ്പ് ആശീർവാദം, വർണമഴ എന്നിവ ഉണ്ടാകും. 22ന് രാവിലെ 6.30ന് പരേതരെ അനുസ്മരിച്ചുകൊണ്ട് ദിവ്യബലി, പൊതുഒപ്പീസ് എന്നിവയുണ്ടാകും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ജോസഫ് തെക്കേത്തല, കൈക്കാരൻമാരായ ആന്റോ പോട്ടോക്കാരൻ, വിൻസെന്റ് ആലുക്കൽ, ടോബി തെക്കൂടൻ, ജനറൽ കണ്‍വീനർ കല്ലേരി കാഞ്ഞിരക്കാടൻ ജോർജ് ജെയ്സൻ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി പ്രവർത്തിക്കുന്നു.