പൊറത്തിശേരി കല്ലട ഭഗവതി ക്ഷേത്രത്തിലെ വേല മഹോത്സവം നാളെ മുതല്‍
ഇരിങ്ങാലക്കുട: പൊറത്തിശേരി കല്ലട ഭഗവതി ക്ഷേത്രത്തിലെ വേല മഹോത്സവം 20 മുതല്‍ 23 വരെ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഇതിന് മുന്നോടിയായുള്ള കൊടിയേറ്റം മേല്‍ശാന്തി പേരിങ്ങോത്ര സ്വരാജ് നിര്‍വഹിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിശേഷാല്‍ പൂജകളും കലാപരിപാടികളും നടക്കും. വേലാഘോഷദിനമായ 23 ന് രാവിലെ പ്രത്യേക പൂജകള്‍ക്ക് ശേഷം വൈകീട്ട് 4 മണി മുതല്‍ 7 വരെ ഗജവീരന്മാര് അണിനിരക്കുന്ന എഴുന്നള്ളിപ്പ് നടക്കും. 60 ല്‍ പരം കലാകാരന്മാര് അണിനിരക്കുന്ന പാണ്ടിമേളത്തിന് കലാമണ്ഡലം ഹരീഷ് മാരാര്‍ പ്രമാണം വഹിക്കും. വൈകീട്ട് സോപാന സംഗീതം, വര്‍ണമഴ, നാട്ടരങ്ങ്, ഡബിള്‍ തായമ്പക, കാളകളി തുടങ്ങിയവയും അരങ്ങേറും. അന്നേദിവസം തന്നെ ക്ഷേത്രത്തിന്റെ ഭാഗമായുള്ള പൊറത്തിശേരി കണ്ടാരംത്തറയിലും വേലാഘോഷം നടക്കും. 30 ന് നടതുറപ്പും പൊങ്കാല സമര്‍പ്പണവും നടക്കുമെന്ന് ഭാരവാഹികളായ പ്രസിഡന്റ് ബിജോയ് തൈവളപ്പില്‍, സെക്രട്ടറി വിക്രം പുത്തുക്കാട്ടില്‍, ട്രഷറര്‍ മജു വടവന, വൈസ് പ്രസിഡന്റ് ജോജി ജനാര്ദ്ദനന്, ജോ. സെക്രട്ടറിമാരായ ഗഗാറിന് തൈവളപ്പില്‍, വിജേഷ് ആലേങ്ങാടന്‍ എന്നിവര്‍ അറിയിച്ചു.