ഇരിങ്ങാലക്കുട ഠാണാ ചന്തക്കുന്ന് വികസനം സിവില്‍ സ്റ്റേഷനില്‍ പ്രത്യേക ഓഫീസ്
ഇരിങ്ങാലക്കുട: ഠാണാ ചന്തക്കുന്ന് വികസനത്തിന്റെ ഭാഗമായി ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് നഷ്ടപരിഹാരത്തുക നല്കാന് ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷനില്‍ പ്രത്യേക ഓഫീസ് തുറന്നു. മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ചു. ഇരിങ്ങാലക്കുടയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതിയുടെ പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെട്ട എല്ലാവര്ക്കും ഈ ഓഫീസില്‍ ബന്ധപ്പെടാം. പദ്ധതിബാധിതരുടെ സൗകര്യം കണക്കിലെടുത്താണ് തൃശൂര്‍ എല്‍എ ജനറല്‍ ഓഫീസില്‍ രേഖകള്‍ സമര്‍പ്പിക്കുന്നതിനു പകരം ഇരിങ്ങാലക്കുടയില്‍ പ്രത്യേക ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 29, 30, 31 തീയതികളിലാണു ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം നഷ്ടപരിഹാരത്തുകയ്ക്കായി വസ്തുവിന്റെ അസല്‍ രേഖകള്‍ ഹാജരാക്കേണ്ടത്. ഇതിനുമുന്നോടിയായി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട മുഴുവന്‍ സംശയങ്ങളും പരിഹരിക്കാനും നേരത്തേ രേഖകള്‍ കൈവശമുള്ളവര്‍ക്ക് അവ സമര്‍പ്പിക്കാനുമാണ് പ്രത്യേക ഓഫീസ് ആരംഭിച്ചിരിക്കുന്നത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് രേഖകള്‍ കൃത്യമായി നല്‍കിയവര്‍ക്ക് കൈപ്പറ്റ് രശീതി മന്ത്രി കൈമാറി. എല്‍എ ഡെപ്യൂട്ടി കളക്ടര്‍ സി.സി. യമുനാദേവി, എല്‍എ ജനറല്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ ടി.ജി. ബിന്ദു, മുകുന്ദപുരം താലൂക്ക് തഹസില്‍ദാര്‍ കെ. ശാന്തകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.