വികസന പദ്ധതികളുമായി ഇരിങ്ങാലക്കുട നഗരസഭാ ബജറ്റ്
ഇരിങ്ങാലക്കുട: വികസന പ്രതീക്ഷകളുമായി നഗരസഭാ ബജറ്റ് വൈസ് ചെയര്മാന് ടിവി ചാര്‍ളി അവതരിപ്പിച്ചു. 131,27, 17836 രൂപ വരവും 1,28,3447,500 രൂപ ചെലവും 2,92,69,836 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. 1973 ല്‍ ആരംഭിച്ച ശുദ്ധജല വിതരണപദ്ധതിയുടെ പരിമിതികള്‍ മറികടക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചതായും അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 15 കോടി രൂപ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും ബജറ്റിൽ പറയുന്നു. ആധുനിക സൗകര്യങ്ങളോടെയുള്ള ടൗണ്‍ ഹാള്‍ കോംപ്ലക്സിന് 15 കോടിയും ആധുനിക അറവുശാല നിര്‍മാണത്തിന് 18, 64, 00,000 രൂപയും വകയിരുത്തി. ലൈഫ് പദ്ധിയില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ നല്കുന്ന നഗരസഭകളുടെ പട്ടികയില്‍ പ്രഥമ സ്ഥാനമാണ് ഇരിങ്ങാലക്കുടയ്ക്കുള്ളത്. വീട് വാസയോഗ്യമാക്കുവാന്‍ ജനറല്‍ വിഭാഗത്തിന് 50 ലക്ഷം രൂപയും പട്ടികജാതി വിഭാഗത്തിന് 65 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ അധ്യക്ഷത വഹിച്ചു.
പ്രധാന പദ്ധതികള്‍ക്കുള്ള ബജറ്റ് വിഹിതം ഇങ്ങനെ:
മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ്-10 കോടി, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് നവീകരികരണം-അഞ്ചു കോടി, ഓഫീസ് നവീകരണം- 12 ലക്ഷം, കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഒരു കോടി 60 ലക്ഷം, മൃഗാശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കൽ, ക്ഷീരകര്‍ഷകര്‍ക്ക് സബ്സിഡി- ഒരു കോടി 10 ലക്ഷം, വനിതാ ഘടക പദ്ധതികള -ഒരു കോടി, ആശുപത്രികളുടെ വികസനം-ആറു കോടി, ശുചിത്വമാലിന്യ സംസ്കരണം- മൂന്നു കോടി, കലാകായിക രംഗത്തെ വളര്‍ച്ച-രണ്ടു കോടി, റോഡുകള്‍ക്കും പാലങ്ങള്‍ക്കും-പത്തു കോടി, പട്ടികജാതി വിഭാഗങ്ങള്‍ക്ക് വീട് നിര്‍മാണത്തിനും കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യങ്ങള്‍ക്കും- മൂന്നുകോടി, തൊഴിലുറപ്പ് പദ്ധതിക്ക്-മൂന്നു കോടി, അങ്കണവാടി കെട്ടിടങ്ങളുടെ നിര്‍മാണം- 75 ലക്ഷം, അതിദാരിദ്ര്യ ആശ്രയ പദ്ധതി- 15 ലക്ഷം, ഭിന്നശേഷി വിഭാഗക്കാരുടെ ഉന്നമനം- 75 ലക്ഷം, യോജന ക്ഷേമം-50 ലക്ഷം, സാന്ത്വന പരിചരണം- 30 ലക്ഷം, വഴിയോര കച്ചവടക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍- 20 ലക്ഷം.