ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ ദേശീയ ടെക്നിക്കല്‍ ഫെസ്റ്റിവല്‍ ടെക്ലെറ്റിക്സ് 2024
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഓഫ് എൻജിനീയറിംഗ് ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് ടെക് ഫെസ്റ്റ് ടെക്ലെറ്റിക്സ് 28, 29, മാര്‍ച്ച് 1 എന്നീ ദിവസങ്ങളില്‍ നടക്കും. കോളജ് വിദ്യാര്‍ഥികള്‍ക്കായി സാങ്കേതിക മത്സരങ്ങള്‍, എക്സിബിഷനുകള്‍, വര്‍ക് ഷോപ്പുകള്‍, സെമിനാറുകള്‍, ഹാക്കത്തോണുകള്‍, കലാ സാംസ്കാരിക പരിപാടികള്‍ എന്നിവയടക്കം ഓണ്‍ ലൈനിലും ഓഫ് ലൈനിലുമായി ഏഴുപതോളം ഇവന്റുകളാണ് ടെക് ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കുന്നത്.
ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഹാര്‍ഡ് വെയര്‍ ഹാക്കത്തോണ്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇ വി ഹാക്കത്തോണ്‍, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഹാക്ക് നൈറ്റ്, ഡിസൈനത്തോണ്‍, ഐഇഡിസിയുടെ നേതൃത്വത്തില്‍ ബെല്‍ഫോര്‍ട്ട് ഓഫ് വാള് സ്ട്രീറ്റ് എന്നിവ 28, 29 തീയതികളില്‍ അരങ്ങേറും.
ഫെസ്റ്റിന് മുന്നോടിയായി 24, 25 തീയതികളിലായി ഇരിങ്ങാലക്കുട മുനിസിപ്പല്‍ മൈതാനത്ത് ഇലക്ട്രിക് വെഹിക്കിള്‍ എക്സ്പോ നടക്കും. വിവിധ ശ്രേണികളിലുള്ള ഇലക്ട്രിക് വാഹനങ്ങള്‍ പ്രദര്‍ശനത്തിന് ഉണ്ടാകും.
ഐഎസ്ആര്‍ഒ, ബിഎസ്എന്‍എല്‍, പോലീസ്, ഡോഗ് സ്ക്വാഡ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി എന്നീ വിഭാഗങ്ങളുടെ സ്റ്റാളുകള്‍, ചിത്ര പ്രദര്‍ശനം, ഫോട്ടോ എക്സിബിഷന് എന്നിവ ഫെസ്റ്റിന്റെ ആകര്‍ഷണങ്ങളാകും. ഇവയ്ക്ക് പുറമെ ആദ്യ വര്‍ഷ വിദ്യാര്‍ഥികളുടെ മൈക്രോ പ്രോജക്ട് എക്സ്പോ, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ വിഭാഗങ്ങളുടെ പ്രോജക്ട് പ്രദര്‍ശനം, റീ സൈക്കിള്‍ ചെയ്ത ഉത്പന്നങ്ങളുടെ പ്രദര്‍ശനം എന്നിവയും ഉണ്ടാകും. ആറ് അന്താരാഷ്ട്ര കോണ്ഫറന്സുകളുംസംഘടിപ്പിക്കുന്നുണ്ട്.
മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗം സംഘടിപ്പിക്കുന്ന ഓട്ടോ ഷോ വാഹന പ്രേമികള്‍ക്ക് ആവേശം പകരും. വിവിധ മോഡലുകളിലുള്ള കാറുകളും ബൈക്കുകളും വീക്ഷിക്കാന്‍ അവസരമുണ്ടാകും. സംരംഭക രംഗത്ത് വിജയിച്ച വനിതകളെ പങ്കെടുപ്പിച്ച് കൊണ്ട് ഐഇഡിസി, കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്, ഷീ സ്പേസ് എന്നിവയുടെ സഹകരണത്തോടെ മാര്‍ച്ച് ഒന്നിന് പാനല്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു. വി സ്റ്റാര്‍ എംഡി ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, മോംഗോഡെസ് ഡയറക്ടര്‍ കെ.എ. അനിത, ഡ്രീം ഫ്ലവര്‍ ഹൗസിംഗ് പ്രോജക്ട് എംഡി പരിയ ഫാസില, കൊട്ടാരം ഏജന്‍സീസ് ഡയറക്ടര്‍ ലത പരമേശ്വരന് എന്നിവര്‍ പങ്കെടുക്കും.
റോബോസോക്കര്, റോബോ വാര്, ലൈന്‍ ഫോളോവര്‍ എന്നിവയാണ് ഫെസ്റ്റിലെ റോബോട്ടിക് മത്സര ഇനങ്ങള്‍. ഇവോള്‍വ് റോബോട്ടിക്സിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഐ റോബോട്ടിക്സ് വര്‍ക് ഷോപ്പില്‍ പങ്കെടുത്ത് നൂതന സാങ്കേതിക വിദ്യകളെ കുറിച്ചുള്ള അറിവ് നേടാനുള്ള അവസരവുമുണ്ട്. മ്യൂസിക് ബാന്‍ഡ് മത്സരം, തീം ഷോ, നൃത്ത മത്സരങ്ങള്‍ എന്നിവയും അരങ്ങേറും.
അധ്യാപകരായ ഡോ. എ.എന്‍. രവിശങ്കര്‍, എംഡിആര്‍ ജിസാന്റോ, വിദ്യാര്‍ഥികളായ റിക്സന് റാഫേല്‍, ബെന്ഹര് രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് തയ്യാറെടുപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.