സംഗമേശനു മുന്നില്‍ ശ്രീരാമനായി കലാനിലയം ഗോപി
ഇരിങ്ങാലക്കുട: പിറന്നാള്‍ ദിനത്തില്‍ ശ്രീരാമ പട്ടാഭിഷേകം കഥകളിയില്‍ സംഗമേശന് വഴിപാടായി ശ്രീരാമ വേഷത്തില്‍ എത്തി കലാനിലയം ഗോപി. കൂടല്‍മാണിക്യം ഉത്സവത്തില്‍ വലിയവിളക്ക് ദിവസം നടക്കുന്ന ശ്രീരാമപട്ടാഭിഷേകം കഥകളിയില്‍ കഴിഞ്ഞ 30 വര്‍ഷമായി ഹനുമാന് വേഷം അവതരിപ്പിക്കുന്ന കലാനിലയം ഗോപി ആദ്യമായാണ് ശ്രീരാമ വേഷത്തില്‍ കൂടല്‍മാണിക്യത്തില്‍ അരങ്ങിലെത്തിയത്. സംഗമേശന് വഴിപാടായി കഴിഞ്ഞ വര്‍ഷം നടത്താനിരുന്ന കഥകളി പ്രിയ ശിഷ്യന് കലാനിലയം ഗോപിനാഥന്റെ മരണത്തെതുടര്‍ന്ന് മാറ്റി വയ്ക്കുകയായിരുന്നു. കിഴക്കേ നടയില്‍ നിറഞ്ഞ സദസ്സില്‍ പട്ടാഭിഷേകം അരങ്ങേറും മുന്‍പേ ശ്രീരാമ വേഷത്തില്‍ താമരകൊണ്ട് തുലാഭാരം നടത്തി. പെരിങ്ങോട്ടുകര ആവണങ്ങാട്ടില്‍ കളരിയുടെ കീഴിലുള്ള സര്‍വതോ ഭദ്രം കലാ കേന്ദ്രത്തില്‍ പ്രധാന അധ്യാപകനായി പ്രവര്‍ത്തിക്കുന്ന ഗോപി 37 വര്‍ഷം ഉണ്ണായി വാരിയര്‍ കലാനിലയത്തില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സര്‍വതോഭദ്രം കലാ കേന്ദ്രവുമായി ചേര്‍ന്നാണ് കഥകളി അവതരിപ്പിച്ചത്. കലാമണ്ഡലം വിജയകുമാര്‍ സീതയായും, സര്‍വതോഭദ്രം നന്ദന ലക്ഷ്മണനായും കലാനിലയം വിനോദ് ഹനുമാനായും വേഷമിട്ടു.