കാട്ടൂര്‍ പൊഞ്ഞനം ക്ഷേത്രത്തില്‍ വലിയമ്പലം, ചുറ്റമ്പലം സമര്‍പ്പണവും ഉത്രം വിളക്ക് ആഘോഷവും
കാട്ടൂര്‍: പൊഞ്ഞനം ഭഗവതീക്ഷേത്രത്തിലെ വലിയമ്പലം, ചുറ്റമ്പലം സമര്‍പ്പണം ക്ഷേത്രംതന്ത്രി മണക്കാട്ട് പരമേശ്വരന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് തിലകന് തെയ്യശ്ശേരി അധ്യക്ഷനായി. കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത, സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകന് ചരുവില്‍, സെക്രട്ടറി കെ. സതീഷ്കുമാര്‍, കൂടല്‍മാണിക്യം ദേവസ്വം ഭരണസമിതി അംഗം അഡ്വ. കെ.ജി. അജയകുമാര്‍, ദേവസ്വം റവന്യൂ ഇന്‍സ്പെക്ടര്‍ കെ.വി. വിനീത, ഓഫീസര്‍ ടി. സുരേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പൂര മഹോത്സനത്തോട് അനുബന്ധിച്ച് ഉത്രം വിളക്ക് ആഘോഷിച്ചു. വിവിധ സമുദായക്കാരുടെ അനുഷ്ഠാന കലാരൂപങ്ങള്‍ അരങ്ങേറി. കുതിരക്കളി, മുടിയാട്ടം, മൂക്കന്ചാത്തന്, വടിതല്ല്, തട്ടുമക്കളി തുടങ്ങിയ കലാരൂപങ്ങളാണ് പൂരത്തോട് അനുബന്ധിച്ച് അരങ്ങേറിയത്. രാവിലെ വിവിധ സമുദായ തറകളില്‍ നടന്ന പൂജകള്‍ക്ക് ശേഷം കലാരൂപങ്ങളുടെ അവതരണം ആരംഭിച്ച് പള്ളിവേട്ട ആല്ത്തറചുറ്റി ക്ഷേത്രമതില്‍ കെട്ടിനകത്തേക്ക് പ്രവേശിച്ചു. പിന്നീട് ക്ഷേത്രം വലംവച്ചതോടെ അനുഷ്ഠാന കലാരൂപങ്ങളുടെ അവതരണത്തിന് പരിസമാപ്തിയായി. വൈകീട്ട് നടക്കുന്ന ആറാട്ടോടെ പൂരാഘോഷത്തിന് സമാപനമായി.