അഡ്വ. സി.കെ ഗോപി കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വത്തിന്റെ ഭരണസമിതി ചുമതലയേറ്റു. അഡ്വ. സി.കെ ഗോപിയാണ് പുതിയ ചെയര്മാന്. അമ്പലത്തിന്റെ കിഴക്കേ നടയില്‍ തയ്യാറാക്കിയ വേദിയില്‍ കേരള ഗസറ്റ് മുഖേന നോമിനേറ്റ് ചെയ്യപ്പെട്ട അഡ്വ. സി.കെ ഗോപി, ഡോ. മുരളി ഹരിതം, വി.സി. പ്രഭാകരന്, അഡ്വ. കെ.ജി. അജയകുമാര്‍, എം.കെ. രാഘവന്, തന്ത്രി പ്രതിനിധിയായി നെടുമ്പുള്ളി തരണനല്ലൂര്‍ മന ഗോവിന്ദന് നമ്പൂതിരിപ്പാട് ജീവനക്കാരുടെ പ്രതിനിധിയായി കെ. ബിന്ദു എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതല ഏറ്റു. ദേവസ്വം കമ്മീഷണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. അഡ്മിനിസ്ട്രേറ്റര്‍ ഉഷാനന്ദിനി, ക്ഷേത്ര മാനേജര്‍ ഇന്‍ ചാര്‍ജ് ആനന്ദ് എസ്. നായര്‍,മുന്‍ ദേവസ്വം ചെയര്മാന്മാരായ പ്രദീപ് മേനോന്, തങ്കപ്പന് മാസ്റ്റര്‍ ഭരണസമിതി അംഗം അജയകുമാര്‍ സംസാരിച്ചു. തുടര്‍ന്ന് ദേവസ്വം കമ്മീഷണറുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ അഡ്വ. സി.കെ. ഗോപിയെ ദേവസ്വം ചെയര്‍മാനായി തെരഞ്ഞെടുത്തു. പുതിയ സംരംഭങ്ങള്‍ എറ്റെടുത്ത് സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും ഇരിങ്ങാലക്കുട ദേശത്തിന്റെ പ്രാധാന്യത്തിന് മുന്‍ഗണന നല്കി പ്രവര്‍ത്തിക്കാനും ശ്രമിക്കുമെന്ന് ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി പറഞ്ഞു.
ദീര്‍ഘകാലത്തെ പ്രവര്‍ത്തനത്തിനൊടുവിലാണ് 55 കാരനായ അഡ്വ. സി.കെ. ഗോപിയെ പുതിയ ഉത്തരവാദിത്വം തേടിയെത്തുന്നത്. പഠനക്കാലത്ത് എസ്എഫ്ഐ യുടെ ചാലക്കുടി മേഖല ഭാരവാഹിയും പനമ്പിള്ളി കോളജ് യൂണിയന് ജനറല്‍ സെക്രട്ടറിയുമായിരുന്നു. ഡിവൈഎഫ്ഐ കൊടകര ബ്ലോക്ക് ജോയിന്റ് സെക്രട്ടറി, കര്‍ഷക സംഘം പഞ്ചായത്ത് സെക്രട്ടറി, നിര്‍മ്മാണ തൊഴിലാളി യൂണിയന് പഞ്ചായത്ത് സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ലോയേഴ്സ് യൂണിയന് ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവും സിപിഎം ടൗണ്‍ വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്. 2005 മുതല്‍ ഇരിങ്ങാലക്കുടയില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ച് വരികയാണ്.