വനിതാ സംരംഭകര്‍ക്ക് പ്രചോദനമേകി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ വിമന്‍ ഇന്‍ ബിസിനസ് സമ്മിറ്റ്
ഇരിങ്ങാലക്കുട: സംരംഭക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വനിതകളെ പങ്കെടുപ്പിച്ച് കൊണ്ട് ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ വിമന്‍ ഇന്‍ ബിസിനസ് സമ്മിറ്റ് സംഘടിപ്പിച്ചു. ടെക് ഫെസ്റ്റിനോട് അനുബന്ധിച്ച് ഒരുക്കിയ പരിപാടിയില്‍ വിസ്റ്റാര്‍ എംഡി ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, കൊട്ടാരം ഏജന്‍സീസ് ഡയറക്ടര്‍ ലത പരമേശ്വരന്, ഡ്രീം ഫ്ളവര്‍ ഹൗസിംഗ് പ്രോജക്ട് എംഡി പ്രിയ ഫാസില്‍, മൂണ്ഗോഡെസ് ഡയറക്ടര്‍ കെ.എ. അനിത എന്നിവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു. സ്ത്രീകളുടെ സാമ്പത്തിക സാക്ഷരത, സംരംഭക മേഖലയിലെ സ്ത്രീ പുരുഷ തുല്യത, വര്‍ക് – ലൈഫ് ബാലന്‍സ്, ടൈം മാനേജ്മെന്റ് തുടങ്ങിയവ ചര്‍ച്ചാ വിഷയങ്ങളായി. മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗം അസിസ്റ്റന്റ് പ്രഫസറും ഐഇഡിസി നോഡല്‍ ഓഫീസറുമായ അശ്വതി പി. സജീവ് മോഡറേറ്ററായി. ഐഇഡിസി, കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്, ഷീ സ്പേസ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. പത്തു കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥിനികളും വനിതാ അധ്യാപകരുമടക്കം നൂറ്റമ്പതോളം വനിതകള്‍ പങ്കെടുത്തു. റോസ്മേരി ജോസ്, അഷിയ ജോസ് എന്നീ വിദ്യാര്‍ഥിനികളുടെ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ മാത്രം അടങ്ങിയ സംഘമാണ് പരിപാടിയുടെ സംഘാടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.