കരുവന്നൂര്‍പ്പുഴയില്‍ ജലനിരപ്പുയര്‍ന്നു, തീര്ത്തുള്ളവര് ആശങ്കയില്‍
കരുവന്നൂര്‍: പുഴയിലെ ജലനിരപ്പ് വലിയതോതില്‍ ഉയര്‍ന്നിട്ടും ഇല്ലിക്കല്‍ ഷട്ടറുകള്‍ തുറക്കാത്തതിനാല്‍ പുഴയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ടിന് സാഹചര്യമൊരുക്കി. ദിവസങ്ങളായുള്ള മഴയില്‍ മണലി, കുറുമാലി പുഴകള്‍ ചേര്‍ന്നൊഴുകുന്ന കരുവന്നൂര്‍പ്പുഴ നിറഞ്ഞുകവിഞ്ഞ് ഒഴുകുകയാണ്. പുഴയില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിട്ടും ഷട്ടറുകള്‍ തുറന്ന് വെള്ളം തുറന്നുവിടാതെ അധികൃതര്‍ അനാസ്ഥ കാണിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. പുഴയ്ക്കു കുറുകെ 50 വര്‍ഷത്തിലധികം പഴക്കമുള്ള മൂര്‍ക്കനാട് എട്ടുമന പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന തരത്തിലാണ് ഇല്ലിക്കല്‍ റെഗുലേറ്റര്‍ സ്ഥിതിചെയ്യുന്നത്.
15 ഷട്ടറുകളില്‍ ഇന്നലെ വൈകീട്ടു വരെ 11 ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. മൂന്നു ഷട്ടറുകള്‍ ഇന്നു തുറക്കും. ഒരു ഷട്ടര്‍ തുറക്കില്ല. മൂന്നു ഷട്ടറുകളുടെ ചങ്ങലകളാണ് തകരാറിലായി ഉയര്‍ത്താന്‍ കഴിയാത്ത സ്ഥിതിയിലുള്ളത്. പാലക്കാട്ടുനിന്നുള്ള സംഘത്തെ കൊണ്ടുവന്നാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. കാറളം കൊറ്റംകോട് റെഗുലേറ്ററിന്റെ കേടായ മൂന്ന് ഷട്ടറുകള്‍ ക്രെയിന്‍ ഉപയോഗിച്ചാണ് കഴിഞ്ഞ ദിവസം ഉയര്‍ത്തിയത്. അവിടത്തെ 12 ഷട്ടറുകളും പൂര്‍ണമായും തുറന്നുവെച്ചിരിക്കുകയാണ്. ഇല്ലിക്കല്‍ റെഗുലേറ്ററിലെ ഷട്ടറുകള്‍ തുറക്കാന്‍ വൈകിയതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. പുഴയോടുചേര്‍ന്നുള്ള ഇരിങ്ങാലക്കുട നഗരസഭാപരിധിയിലെ മൂര്‍ക്കനാട് പ്രദേശത്തേക്ക് വെള്ളം കയറിയതോടെയാണ് പ്രദേശവാസികളുടെ പ്രതിഷേധമുയര്‍ന്നത്.
ഉദ്യോഗസ്ഥ അനാസ്ഥയെന്നാണ് നാട്ടുക്കാരുടെ ആരോപണം. യഥാസമയം ഷട്ടറുകള്‍ തുറക്കാത്തതുമൂലം മൂര്‍ക്കനാട്, കാറളം പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളംകയറുന്ന അവസ്ഥയാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ ചിമ്മിനി ഡാമടക്കം തുറന്നാല്‍ പുഴയിലേക്ക് കൂടുതല്‍ വെള്ളമെത്തിച്ചേരാനിടയുണ്ടെന്നും അതിനാല്‍ എത്രയും വേഗം മുഴുവന്‍ ഷട്ടറുകളും തുറക്കാനുള്ള നടപടി സ്വീകരിക്കണമെന്നും നാട്ടുക്കാര് ആവശ്യപ്പെട്ടു. 2018 ലെ പ്രളയ സമയത്ത് അഞ്ച് മീറ്ററോളം വെള്ളമാണ് പുഴയില്‍ ഉയര്‍ന്നിരുന്നതെങ്കില്‍ ഇന്നലെ 3.18 മീറ്റര്‍ വെള്ളം ഉയര്‍ന്നീട്ടുണ്ട്. വെള്ളക്കെട്ട് രൂക്ഷമായതോടെ മൂര്‍ക്കനാട് സെന്റ് ആന്റണീസ് സ്കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് കുടുംബങ്ങളെ മാറ്റിയിട്ടുണ്ട്. പല കുടുംബങ്ങളും ബന്ധുവീടുളിലേക്ക് താമസം മാറ്റിയിട്ടുണ്ട്.