കളഞ്ഞു കിട്ടിയ മന്നര പവന് സ്വര്‍ണമാല ഉടമയ്ക്ക് തിരിച്ചു നല്കി മഠത്തിക്കര സ്വദേശി മോഹനന്

ഇരിങ്ങാലക്കുട മഠത്തിക്കര സ്വദേശിയായ മോഹനന് കളഞ്ഞു കിട്ടിയ സ്വര്‍ണമാല ഉടമയ്ക്ക് തിരിച്ച് നല്കുന്നു.
ഇരിങ്ങാലക്കുട: കളഞ്ഞു കിട്ടിയ സ്വര്‍ണമാല ഉടമയ്ക്ക് തിരിച്ചു നല്കി മഠത്തിക്കര മോഹനന് മാതൃകയായി. ഐക്കരക്കുന്ന് ഭാഗത്തു നിന്ന് കളഞ്ഞു കിട്ടിയ മൂന്നര പവന് തൂക്കം വരുന്ന മാലയാണ് ഉടമയായ കല്ലേറ്റുംകര സ്വദേശിനിക്ക് കൈമാറിയത്. കളഞ്ഞു കിട്ടിയ മാല മോഹനന് കാട്ടുങ്ങച്ചിറ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചിരുന്നു. അവിടെ വച്ചാണ് മാല ഉടമയ്ക്ക് തിരിച്ചു നല്‍കിയത്. കല്ലേറ്റുംകര സ്വദേശികളായ കളക്കാട്ടുകാരന്‍ ഷിഹാബ്-ഷമല ദമ്പതികളുടെ മൂന്നര പവന്റെ സ്വര്‍ണമാലയാണ് നഷ്ടപ്പെട്ടത്.
കളത്തുംപടി പാലം നിര്‍മ്മാണത്തിന്റെ ഭാഗമായി എത്തിയ മന്ത്രിയെ കാണാന്‍ എത്തിയ ഇരുവരും മടങ്ങുന്നതിനിടെയാണ് മാല നഷ്ടപ്പെട്ടത്. പോയ സ്ഥലങ്ങളില്‍ എല്ലാം പരിശോധന നടത്തിയതിന് ശേഷം ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയപ്പോഴാണ് അവിടെ ഒരു മാല ഒരാള്‍ക്ക് കളഞ്ഞു കിട്ടിയത് ഏല്‍പ്പിച്ചിട്ടുണ്ടെന്ന് അറിയിച്ചത്. മാലയുടെ തെളിവുകള്‍ ഹാജരാക്കിയപ്പോള്‍ പോലീസിന്റെ സാന്നിധ്യത്തില്‍ മോഹനന് തന്നെ ഉടമകള്‍ക്ക് മാല കൈമാറുകയായിരുന്നു.