പൊതുമരാമത്ത് റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റ് ഇരിങ്ങാലക്കുട സ്വദേശിയായ ഡോക്ടര്‍ മരിക്കാനിടയായ സംഭവത്തില്‍ നഷ്ടപരിഹാരതുക ഈടാക്കാനായി ആര്‍ഡിഒ ഓഫീസിലെ കമ്പ്യൂട്ടര്‍ സാമഗ്രികള്‍ ജപ്തി ചെയ്തു
ഇരിങ്ങാലക്കുട: പൊതുമരാമത്ത് റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റ് ഡോക്ടര്‍ മരിക്കാനിടയായ സംഭവത്തില്‍ നഷ്ടപരിഹാര തുക ഈടാക്കാനായി ആര്‍ഡിഒ ഓഫീസിലെ കമ്പ്യൂട്ടര്‍ സാമഗ്രികള്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് ജപ്തി ചെയ്തു. 1997 ജൂലൈ നാലിന് കുഴൂരില് നിന്നും വീട്ടിലേക്ക് സ്കൂട്ടര്‍ ഓടിച്ച് വരുമ്പോള്‍ തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡില്‍ കോമ്പാറയില്‍ വച്ച് വണ്ടി കുഴിയില്‍ വീണ് ഇരിങ്ങാലക്കുട ഗാന്ധിഗ്രാം സ്വദേശി ഡോ. ജവഹറിന് ഗുരുതരമായി പരിക്കേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ നാലുദിവസത്തിനു ശേഷം മരണമടയുകയും ചെയ്ത കേസില്‍ ഡോ. ജവഹറിന്റെ ഭാര്യ ഡോ. ഉഷാ ജവഹര്‍, മക്കളായ രാഹുല്‍, ഗോകുല്‍ എന്നിവര്‍ സര്‍ക്കാര്‍, പിഡബ്ല്യു റോഡ്സ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍, അസി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ എന്നിവരെ പ്രതികളാക്കി ഫയല്‍ ചെയ്ത കേസില്‍ 8,93,057 രൂപ നഷ്ടപരിഹാരം നല്കാന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
നല്‍കാനുള്ള നഷ്ടപരിഹാര തുകയില്‍ ബാക്കി സംഖ്യയായ 40011 രൂപ ഹര്‍ജിക്കാര്‍ക്ക് നല്കുന്നതില് വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഓഫീസിലെ വസ്തുവകകള്‍ ജപ്തി ചെയ്തും ലേല നടപടികള്‍ സ്വീകരിച്ചും തുക കണ്ടെത്താന്‍ ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ സബ് കോടതി ജഡ്ജ് ആര്.കെ. രമ ഉത്തരവിടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ആര്‍ഡിഒ ഓഫീസിലെ ഇരുപത് കമ്പ്യൂട്ടറുകളുടെ മോണിറ്ററുകള്‍ ജപ്തി ചെയ്യാനുള്ള നടപടികള്‍ നടന്നത്. നാല് മോണിറ്ററുകള്‍ ജപ്തി ചെയ്ത് കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്. ഹര്‍ജിക്കാര്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന് അഡ്വ.വി.ജി. സുഭാഷ്ചന്ദ്രബാബു ഹാജരായി.