നഗരമധ്യത്തിലെ പൊതുനിരത്തുകള്‍ സഞ്ചാരയോഗ്യമാക്കണം: മോട്ടോര്‍ തൊഴിലാളി യൂണിയന് എഐടിയുസി
ഇരിങ്ങാലക്കുട: പട്ടണത്തിലെ ചെറുതും വലുതുമായ ഭൂരിഭാഗം റോഡുകളും കാല്‍നടക്കാര്‍ക്കു പോലും സഞ്ചാരയോഗ്യമല്ലാത്ത രീതിയില്‍ കുണ്ടും കുഴിയുമായ അവസ്ഥ കാലങ്ങളായി തുടരുന്നത് അടിയന്തരമായി പരിഹരിക്കണമെന്ന് മോട്ടോര്‍ തൊഴിലാളി യൂണിയന് എഐടിയുസി ടൗണ്‍ കണ്വന്ഷന് മുനിസിപ്പല്‍ ഭരണസമിതിയോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന അമൃത് കുടിവെള്ള പദ്ധതി പ്രകാരം റോഡരിക് വെട്ടിപ്പൊളിച്ച് പൈപ്പ് മാറ്റിയശേഷം ശരിയായ വണ്ണം കുഴിച്ചുമൂടി പൂര്വസ്ഥിതിയിലാക്കാതിരിക്കുന്നത് യാത്ര കൂടുതല്‍ ദുഷ്കരമാക്കുന്നതായും പ്രമേയം കൂട്ടിച്ചേര്‍ത്തു. എഐടിയുസി തൃശൂര്‍ ജില്ലാ പ്രസിഡന്റ് ടി.കെ. സുധീഷ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് പി.ഒ. തോമസ് അധ്യക്ഷത വഹിച്ചു. തൃശൂര്‍ ജില്ലാ കൗണ്‍സില്‍ അംഗം വര്‍ദ്ധനന്‍ പുളിക്കല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മണ്ഡലം സെക്രട്ടറി കെ.കെ. ശിവന് തൊഴിലാളികള്‍ക്കായി നടപ്പാക്കുന്ന 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയെ കുറിച്ച് വിഷയാവതരണം നടത്തി. ബാബു ചിങ്ങാറത്ത്, കെ.എസ്. പ്രസാദ്, കെ.സി. മോഹന്‍ലാല്‍, എന്‍.ഡി. ധനേഷ്. എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു. സെക്രട്ടറിയായി സിജു പൗലോസിനെയും, പ്രസിഡന്റായി കെ.സി. മോഹന്‍ലാലിനെയും ട്രഷറിയായി ടി.വി സുകുമാറിനെയും ഭാരവാഹികളായി തെരഞ്ഞെടുത്തു.