കാട്ടൂരില്‍ വരുന്നു, മിനി സിവില്‍ സ്റ്റേഷന്
കാട്ടൂര്‍: കാട്ടൂരില്‍ മിനി സിവില്‍ സ്റ്റേഷന് വരുന്നു. സംസ്ഥാന ബജറ്റില്‍നിന്ന് പത്തുകോടി രൂപ വിനിയോഗിച്ചാണ് മിനി സിവില്‍ സ്റ്റേഷന് നിര്‍മിക്കുന്നത്. ഇതിന്റെ മുന്നോടിയായി മന്ത്രി ആര്. ബിന്ദുവിന്റെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു. നിലവില്‍ പഞ്ചായത്ത് ഓഫീസും അനുബന്ധ ഓഫീസുകളും പ്രവര്‍ത്തിക്കുന്ന കാലപ്പഴക്കം ചെന്ന പഴയ കെട്ടിടത്തില്‍ മൃഗാശുപത്രി, സബ് രജിസ്ട്രാര്‍ ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷിഭവന് എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ട്. മൃഗാശുപത്രി നിര്‍മാണത്തിന് നേരത്തെ എംഎല്‍എ ഫണ്ടില്‍നിന്ന് തുക അനുവദിച്ചിട്ടുള്ളതിനാല്‍ ഇതൊഴികെയുള്ള മറ്റ് ഓഫീസുകളായിരിക്കും മിനി സിവില്‍ സ്റ്റേഷനില്‍ ഉണ്ടായിരിക്കുക.
പൊതുമരാമത്തുവകുപ്പ് തയ്യാറാക്കുന്ന പ്രാഥമിക രൂപരേഖയുടെ അടിസ്ഥാനത്തില്‍ വീണ്ടും മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് അന്തിമ രൂപരേഖ തയ്യാറാക്കും. പദ്ധതിക്കാവശ്യമായ സാങ്കേതിക അനുമതികള്‍ പൂര്‍ത്തിയാക്കി ഉടന്‍ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. സിവില്‍ സ്റ്റേഷന് നിര്‍മാണത്തിന്റെ ഭാഗമായി നിലവിലെ കെട്ടിടം പൊളിക്കുമ്പോള്‍ പകരം പ്രവര്‍ത്തിക്കാന്‍ ഓരോ വകുപ്പുകളും ഉടന്‍ സ്ഥലം കണ്ടെത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത, മുകുന്ദപുരം തഹസില്‍ദാര്‍ നാരായണന്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, കാട്ടൂര്‍ സബ് രജിസ്ട്രാര്‍, കൃഷിവകുപ്പ്, മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.