ഓണകളി മാറ്റിവച്ച് കൊണ്ട് വയനാടിന് മഹാത്മ സാംസ്കാരിക സംഘത്തിന്റെ കൈതാങ്ങ്
എടതിരിഞ്ഞി: ഓണകളി മാറ്റിവച്ച് കൊണ്ട് വയനാടിന് എടതിരിഞ്ഞി മഹാത്മ സാംസ്കാരിക സംഘത്തിന്റെ കൈതാങ്ങ്. ഓണംകളിയിലെ മികച്ച ടീമുകളായ നാദം നെല്ലായി, യുവാധര കോള്‍ക്കുന്ന് ആലങ്കിലമ്മ പെരിഞ്ഞനം എന്നിവരുടെ പരിപാടി അഡ്വാന്‍സ് നല്കി ബുക്ക് ചെയ്തതിനു ശേഷം വന്ന വയനാട്ടിലെ മഹാ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ചു. ദുരന്തബാധിതരെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ സിഎംഡിആര്‍എഫ് ലേക്ക് നല്കുന്ന തുകയുടെ ആദ്യ ഗഡു ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ബിന്ദു ടീച്ചര്‍ നേരിട്ട് എത്തി ക്ലബ്ബ് ഭാരവാഹികളില്‍ നിന്നും ഏറ്റുവാങ്ങി.
വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, ബ്ലോക്ക് മെമ്പര്‍ രാജേഷ് അശോകന്, 2-ാം വാര്‍ഡ് മെമ്പര്‍ വി.ടി. ബിനോയ് എന്നിവരും സന്നിഹിതരായിരുന്നു. സിഎംഡിആര്‍എഫ് ന്റെ 2-ാം ഘട്ടം പതിവ് പോലെ തിരുവോണ നാളില്‍ ക്ലബ് നടത്തിവരാറുള്ള പാലടയുടെ ലാഭവും ഇത്തവണ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്ന് ക്ലബ്ബ് ഭാരവാഹികള്‍ മന്ത്രിയെ അറിയിച്ചു. ക്ലബ്ബ് സെക്രട്ടറി വി.ആര്. അഭിജിത്ത്, ഖാജാന്‍ജി നിഷ ഉണ്ണി, ക്ലബ് എക്സിക്യൂട്ടീവ് അംഗങ്ങളായ വി.കെ. രമേഷ്, എന്‍.എസ്. സുജീഷ്, സതീഷ് ബാബു, എന്‍.എസ്. സനേഷ്, ധന്യ രഞ്ചിത്ത് എന്നിവര്‍ നേതൃത്വം നല്കി ക്ലബ്ബിന്റെ മറ്റുപ്രവര്‍ത്തകരും നാട്ടുകാരും പൊതുപ്രവര്‍ത്തകരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.