കഥകളിയില്‍ കൃഷ്ണന്, കളരിയില്‍ ഉണ്ണിയാര്‍ച്ച, എന്‍സിസിയില്‍ മേജര്‍, മായ അധ്യാപികയാണ്

ഇരിങ്ങാലക്കുട: കഥകളിയില്‍ പച്ചകുത്തിയും കളരില്‍ ചുവടുറപ്പിച്ചും സ്കൂള്‍ അധ്യാപികയായ എന്‍സിസി മേജര്‍. ക്ഷേത്രകലകളിലും ആയോധന കലയായ കളരിയിലും ഒപ്പം അധ്യാപനത്തിലും മികവു തെളിയിച്ച അധ്യാപികയാണ് മായ നെല്ലിയോട്. ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സംസ്കൃതം അധ്യാപിക.

രണ്ടാഴ്ചമുമ്പ് തിരുവനന്തപുരം മലയിന്‍കീഴ് ശ്രീകൃഷ്ണക്ഷേത്രത്തില്‍ നടന്ന കഥകളിയില്‍ ശ്രീരാമപട്ടാഭിഷേകം കഥയില്‍ ഹനുമാന്റെ വേഷമിട്ടിരുന്നത് ഒരു എന്‍സിസി മേജറായിരുന്നുവെന്നത് അധികം ആര്‍ക്കും മനസിലായിരുന്നില്ല. അഞ്ചാം വയസില്‍ ഇടപ്പിള്ളി ചേരാനെല്ലൂര്‍ ഭഗവതി ക്ഷേത്രത്തിലാണ് കഥകളിയില്‍ അരങ്ങേറ്റം കുറിച്ചത്. പുറപ്പാട് കഥയിലെ കൃഷ്ണവേഷമായിരുന്നു ആദ്യ വേഷം. ഗുരു അച്ഛനായ പ്രശസ്ത കഥകളിയാചാര്യന്‍ വാസുദേവന്‍ നമ്പൂതിരി തന്നെയാണ്.
തിരുവനന്തപുരം അട്ടക്കുളങ്ങര സെന്‍ട്രല്‍ ഹൈസ്കൂളിലെ അധ്യാപകനായിരുന്നു അച്ഛന്. അഞ്ചാം വയസില്‍ തുടങ്ങിയ കഥകളിക്കും 32 ാം വയസില്‍ തുടങ്ങിയ എന്സിസിക്കുമിടയില് കലയുടെ ഒമ്പത് വഴികള്‍ മായയിലേക്ക് ഒഴുകിയെത്തി. ഓട്ടന്തുള്ളല്, ചാക്യാര്‍കൂത്ത്, മോഹിനിയാട്ടം, കേരളനടനം, മോണോ ആക്ട്, നാടകം, കൂടിയാട്ടം, വീണ, സംഗീതം, … ഇങ്ങനെ നീണ്ടുപോകുന്നു ആ പട്ടിക. കൂടാതെ കളരിയും അഭ്യസിച്ചു. പേരാമംഗലം പികെബി കളരിസംഘത്തിലാണ് കളരി അഭ്യസിക്കുന്നത്.

1993 ലും 1995 ലും യൂണിവേഴ്സിറ്റി കലാതിലകം
1993 ല്‍ കേരള യൂണിവേഴ്സിറ്റിയുടെയും 1995 ല്‍ കാലടി യൂണിവേഴ്സിറ്റിയിലെയും കലാതിലകമായിരുന്നു. തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവണ്മെന്റ് സ്കൂളിലായിരുന്നു പഠനം. തിരുവനന്തപുരം വിമന്‍സ് കോളജിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലും കാലടി യൂണിവേഴ്സിറ്റി കോളജിലും ബിരുദവും ബിരുദാനന്തരബിരുദവും പൂര്‍ത്തിയാക്കി.

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം, തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രം, ചോറ്റാനിക്കര ഭഗവതിക്ഷേത്രം, ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രം, ആറന്മുള പാര്‍ഥസാരഥി ക്ഷേത്രം എന്നിവിടങ്ങളിലും ഡല്‍ഹിയിലും മദ്രാസിലും മുബൈയിലും കഥകളി അവതരിപ്പിച്ചിട്ടുണ്ട്. കലാമണ്ഡലം പ്രഭാകരനാണ് ഓട്ടന്‍തുളളലില്‍ ഗുരു. കിരാതം, രുഗ്മിണി സ്വയംവരം, രാമാനുജചരിതം എന്നീ കഥകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കലോത്സവവേദിയിലെ മത്സരാര്‍ഥികളുടെ വിധിനിര്ണയത്തലും സ്ഥിരസാന്നിധ്യമാണ്.
ശ്രീകൃഷ്ണവേഷവുമായി നിരവധി വേദികള്‍ കീഴടക്കി
അച്ഛന് രചിച്ച രാസക്രീഡയിലെ പ്രധാന കഥാപാത്രമായ ശ്രീകൃഷ്ണവേഷം കേരളത്തിലും മുംബൈയിലുമായി 25 വേദികളില്‍ അവതരിപ്പിച്ചു. രണ്ടരമണിക്കൂര്‍ നീണ്ട വേഷമായിരുന്നു ഇത്. പച്ച, സ്ത്രീ, കത്തി, കരിവേഷങ്ങളാണ് മായ പ്രധാനമായും അവതരിപ്പിക്കുന്നത്. കലാമണ്ഡലം രാമന്‍കുട്ടിനായര്‍, കലാമണ്ഡലം കൃഷ്ണന്‍നായര്‍, കലാമണ്ഡലം ഗോപി, കലാമണ്ഡലം വാസുപ്പിഷാരടി, മടവൂര്‍ വാസുദേവന്‍നായര്‍, കൊച്ചുഗോവിന്ദന്പിള്ള, ബാലസുബ്രഹ്മണ്യന് തുടങ്ങി പ്രമുഖരോടൊപ്പം വേഷമിട്ടിട്ടുണ്ട്.

ഗുരു അമ്മന്നൂര്‍ മാധവചാക്യാര്ക്കൊപ്പം ഡല്‍ഹിയില്‍ കൂടിയാട്ടത്തിന് അരങ്ങുതാളം അവതരിപ്പിച്ചിട്ടുണ്ട്. കേരളനടനവും മോഹിനിയാട്ടവുമെല്ലാം സ്വന്തമായി ചിട്ടപ്പെടുത്തി അവതരിപ്പിച്ചു. സംഗീത ബിരുദധാരിയായ മായയുടെ ഗുരുക്കന്മാരില് ഓമനക്കുട്ടി ടീച്ചറുമുള്പ്പെടുന്നു. പിതാവിന്റെ ശിഷ്യയായ പ്രശസ്ത ഗായിക കെ.എസ്. ചിത്രയുമായി സൗഹൃദമുണ്ട്.
കലയും കായികവും അക്കാദമികരംഗത്തെ തിളക്കം കുറച്ചില്ല
സംസ്കൃത സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും എം ഫില്ലും നേടിയ ഇവര്‍ ഇംഗ്ലീഷ് സാഹിത്യത്തിലും സൈക്കോളജിയിും ബിരുദാനന്തരബിരുദം നേടി. ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സംസ്കൃതാധ്യാപിക ആയതിനുശേഷമാണ് മായ നെല്ലിയോടിന് എന്‍സിസിയുമായുള്ള ആത്മബന്ധം ആരംഭിക്കുന്നത്.

15 വര്‍ഷമായി ക്യാപ്റ്റനാണ്. ഇപ്പോള്‍ രണ്ടുവര്‍ഷമായി എറണാകുളം എന്‍സിസി 23 ബറ്റാലിയന്റെ മേജറാണ്. എറണാകുളം നേവല്‍ ബേസിലെ ഐജിസിയില്‍ പരിശീലനത്തിലാണ് ഈ ആഴ്ച. സ്വയം പരിശീലിപ്പിച്ച എന്‍സിസി സംഘത്തോടൊപ്പം ഡല്‍ഹിയില്‍ റിപ്പബ്ലിക്ദിന പരേഡില്‍ പങ്കെടുക്കാനും സാധിച്ചു. ഓരോ വര്‍ഷവും എന്‍സിസി ക്യാമ്പുകളുടെ ഭാഗമായ ട്രെക്കിംഗില്‍ ഉള്‍പ്പടെ ആവേശത്തോടെ പങ്കെടുക്കുകയും ചെയ്യുന്നു.
ഭര്‍ത്താവ് മഠത്തില്‍ മുണ്ടയൂര്‍ ദിവാകരന് നമ്പൂതിരി, പേരാമംഗലം ശ്രീദുര്‍ഗാവിലാസം സ്കൂള്‍ ഗണിതശാസ്ത്രാധ്യാപകനായിരുന്നു. ഇപ്പോള്‍ വിരമിച്ചു. മകന് ആദിത്യന് വേദപഠനം കഴിഞ്ഞ് ആയുര്‍വേദത്തില്‍ ബിരുദവും നേടി. ഇപ്പോള്‍ ഗുജറാത്തില്‍ ബറോഡയില്‍ പാറൂണ് യൂണിവേഴ്സിറ്റിയില്‍ എംഡിക്ക് പഠിക്കുന്നു. പറവട്ടത്ത് ശ്രീദേവി അന്തര്‍ജനമാണ് അമ്മ. സഹോദരന് വിഷ്ണു നെല്ലിയോട് കഥകളികലാകാരനും ഒട്ടേറെ ക്ഷേത്രങ്ങളില്‍ തന്ത്രിയുമാണ്.



