നടവരമ്പ് ചിറവളവിലെ വഴിയോര വിശ്രമകേന്ദ്രം വൃത്തിയാക്കി
നടവരമ്പ്: പുല്ലുവളര്‍ന്ന് കാടുപിടിച്ചു കിടന്നിരുന്ന നടവരമ്പ് ചിറവളവിലെ വഴിയോര വിശ്രമകേന്ദ്രം എസ്വൈഎസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വൃത്തിയാക്കി. വെള്ളാങ്കല്ലൂര്‍ എസ്വൈഎസ് സാന്ത്വനം പ്രവര്‍ത്തകരും ഇരിങ്ങാലക്കുട പ്രദേശത്തെ എസ്വൈഎസ് പ്രവര്‍ത്തകരും പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. പാതയോരങ്ങളുടെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി 2014 ല്‍ പിഡബ്ല്യുഡി റോഡ്സ് വിഭാഗമാണു നടവരമ്പ് ചിറയുടെ എതിര്‍വശത്തായി 15 ലക്ഷം രൂപ ചെലവഴിച്ച് ഈ വിശ്രമകേന്ദ്രം പണിതത്. രണ്ടുസ്ഥലത്തായി തോടിനോടു ചേര്‍ന്നുള്ള ഭാഗം കമ്പി ഉപയോഗിച്ചു കെട്ടി സംരക്ഷിക്കുകയും ടൈല്‍ വിരിക്കുകയും ഇരിപ്പിടങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. ബസ് കാത്തുനില്‍ക്കുന്നവര്‍ക്കു മാത്രമല്ല, സായാഹ്നങ്ങളില്‍ നടക്കാനിറങ്ങുന്നവര്‍ക്കും നടവരമ്പ് ചിറയുടെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനെത്തുന്നവര്‍ക്കും ഈ ബസ് ഷെല്‍ട്ടര്‍ അക്ഷരാര്‍ഥത്തില്‍ ഷെല്ട്ടറാകുന്നുണ്ട്. നടന്നു ക്ഷീണിക്കുമ്പോള്‍ ഒന്നു ചാരിയിരിക്കാന്‍ സ്റ്റീലില്‍ നിര്‍മിച്ച കസേരകള്‍, മനോഹരമായി ടൈല്‍ പാകിയ നിലം, ചുറ്റുവേലി. ചുരുക്കി പറഞ്ഞാല്‍ ഒരു പാര്‍ക്കില്‍ വിശ്രമിക്കാന്‍ പോയ പ്രതീതി. ഇരിങ്ങാലക്കുട-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ഏറെ പ്രകൃതിരമണീയമായ ഈ സ്ഥലം കണ്ട് കാറും മറ്റു വാഹനങ്ങളും നിര്ത്തിയിറങ്ങുന്നവരുടെ എണ്ണം ഏറെയായിരുന്നു. നടവരമ്പ് ചിറയുടെ സൗന്ദര്യക്കാഴ്ച ഈ ഷെല്‍ട്ടറിലെ കസേരയില്‍ ചാരിയിരുന്ന് വീക്ഷിക്കുന്നതു ഒരു സുഖം തന്നെയാണ്. തണല്‍ വൃക്ഷങ്ങള്‍ക്കു താഴെയായി പണിതതിനാല്‍ ഇതുവഴി പോകുന്ന യാത്രക്കാര്‍ക്കു വിശ്രമിക്കാനും സമീപവാസികള്‍ക്കു വൈകുന്നേരങ്ങളില്‍ ഒത്തുചേരാനും സാധിക്കുന്ന ഇടമാണിത്. ഇതിന്റെ ഭാഗമായി രണ്ടു സ്ഥലത്തായി തോടിന്റെ ഭാഗം കമ്പി ഉപയോഗിച്ച് കെട്ടിസംരക്ഷിക്കുകയും ഇരിപ്പിടങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. തണല്‍ വൃക്ഷങ്ങള്‍ക്കു താഴെയായി പണിതതിനാല്‍ ഇതുവഴി പോകുന്ന യാത്രക്കാര്‍ക്കു വിശ്രമിക്കാന്‍ സാധിക്കുന്ന ഒരിടമാണിത്. ഇവിടമാണു പുല്ലും കുറ്റിച്ചെടികളും വളര്‍ന്ന് ആളുകള്‍ക്കു നടക്കാന്‍ പോലും ബുദ്ധിമുട്ടുണ്ടാക്കുന്ന വിധം കാടുപിടിച്ചു കിടന്നിരുന്നത്. എസ്വൈഎസ് സര്‍ക്കിള്‍ പ്രസിഡന്റ് സൈനുദ്ദീന്‍ മുസ്ലിയാര് കരൂപ്പടന്ന, ഫൈസല്‍ പട്ടേപ്പാടം, ഷാനവാസ് ബ്രാലം, അബ്ദുള്‍ സലാം താണിശേരി എന്നിവര്‍ നേതൃത്വം നല്കി.