ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയുടെ അനാസ്ഥയ്ക്കെതിരെ ആംആദ്മി പാര്‍ട്ടി പ്രതിഷേധിച്ചു
ഇരിങ്ങാലക്കുട: കോടികള്‍ ചെലവാക്കി പണിത ഫിഷ് മാര്‍ക്കറ്റ് വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്നതിലും പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ തുറന്നു കൊടുക്കുകയും ചെയ്യാത്തതില്‍ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണയും ജാഥയും നടത്തി. ജില്ലാ പ്രസിഡന്റ് റാഫേല്‍ ടോണി പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. ജ
നങ്ങളുടെ നികുതിപ്പണം കോടിക്കണക്കിന് രൂപ ചെലവഴിച്ച് സര്‍ക്കാര്‍ 2011 നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്ത കെട്ടിടം രണ്ടാമതും 2013 ഉദ്ഘാടനം നിര്വഹിച്ചപ്പോള് പുതിയ ഭരണാധികാരികളുടെ പേരുള്ള ശിലാഫലകം സ്ഥാപിച്ചതല്ലാതെ അടിസ്ഥാന സൗകര്യങ്ങള്‍ ഇന്നും ഒരുക്കിയിട്ടില്ലെന്ന് ആംആദ്മി ആരോപിച്ചു. കച്ചവടക്കാര്‍ക്ക് ആവശ്യമായ രീതിയില്‍ വെള്ളവും വൈദ്യുതിയും മാലിന്യ സംസ്കരണവും ഏര്‍പ്പെടുത്തി താങ്ങാനാവുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റും വാടകയും ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.
ഇരിങ്ങാലക്കുട നഗരസഭ പ്രസിഡന്റ് ഡിക്സന് അധ്യക്ഷത വഹിച്ചു. ഇരിഞ്ഞാലക്കുട നിയോജക മണ്ഡലം പ്രസിഡന്റ് ജിജിമോന് മാപ്രാണം ജില്ലാ നേതാക്കളായ ജോസഫ് ജോര്‍ജ്, ലിന്റേഷ്, ഭാസ്കരന്, തോമസ് ചാമപ്പറമ്പില്‍, ഷാജു എന്നിവര്‍ പ്രസംഗിച്ചു. നഗരസഭാ സെക്രട്ടറി വിന്‍സന്റ് കണ്ടംകുളത്തി സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി ഡോ. കെ.വൈ. ഷാജു നന്ദിയും പറഞ്ഞു.