പേരിലൊതുങ്ങി ശുചീകരണം, നിരത്തിലൊതുങ്ങാതെ മാലിന്യ കൂമ്പാരം
സാംക്രമിക രോഗങ്ങള്‍ പടരുമെന്ന് ആശങ്ക
കല്ലേറ്റുംകര: നാടെങ്ങും പകര്‍ച്ചവ്യാധി പടര്‍ന്നിട്ടും പൊതുയിടങ്ങള്‍ ശുചിയാക്കുന്നതില്‍ അധികൃതര്‍ക്കു അനാസ്ഥ. പോട്ട-മൂന്നുപീടിക സംസ്ഥാന പാതയില്‍ കല്ലേറ്റുംകര നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററിനു (എന്‍ഐപിഎംആര്‍) മുന്നിലെ റോഡരികിലാണു മാലിന്യ കൂമ്പാരം കുന്നുകൂടിയിരിക്കുന്നത്. പ്ലാസ്റ്റിക് ചാക്കുകളിലും കവറുകളിലും എത്തിക്കുന്ന മാലിന്യം ഇരുട്ടിന്റെ മറവിലാണു ഇവിടെ തള്ളുന്നത്. മാംസാവശിഷ്ടങ്ങള്‍ മുതല്‍ വീടുകളിലെ പാഴ്വസ്തുക്കള് വരെയുണ്ട് ഇതില്‍. തെരുവുനായ്ക്കള്‍ ചാക്കുകള്‍ കടിച്ചു വലിച്ച് ഇടുന്നതുമൂലം റോഡിലും സമീപത്തും മാലിന്യം ചിതറിയ നിലയിലാണ്. ഈ റോഡില്‍ തൊമ്മാന, പുല്ലൂര്‍ പാടശേഖരങ്ങള്‍ക്കു സമീപവും റോഡരികില്‍ മാലിന്യം തള്ളുന്നത് പതിവാണ്. തൊമ്മാന പാടത്തിനു സമീപം രണ്ടാഴ്ച മുമ്പ് കോഴി മാലിന്യം തള്ളിയതു മൂലം രൂക്ഷമായ ദുര്‍ഗന്ധമായിരുന്നു. ഈ ഭാഗങ്ങളില്‍ ജനവാസം കുറവാണെന്നതും തെരുവുവിളക്കുകള്‍ കത്താത്തതും മാലിന്യം തള്ളാനെത്തുന്നവര്ക്കു സഹായകമാവുകയാണ്. മഴയില്‍ ചീഞ്ഞഴുകിയ വെള്ളം റോഡിലാകെ വ്യാപിച്ചു. കാല്‍നടക്കാരെ ഇതു ഏറെ ദുിരിതത്തിലാക്കുന്നു. മൂക്കുപൊത്താതെ ഇതുവഴി പോകാന്‍ പറ്റാത്ത അവസ്ഥയിലാണ്. കണ്മുമ്പില് മാലിന്യം തള്ളുന്നതു കണ്ടില്ലെന്നു നടിക്കുകയാണു അധികൃതര്‍. മലിനീകരണം രൂക്ഷമായിട്ടും വഴിയരികിലെ മാലിന്യം നീക്കം ചെയ്യുന്നതിനോ കൊണ്ടിടുന്നതു തടയുന്നതിനോ അധികൃതര്‍ നടപടി എടുക്കുന്നില്ല. റോഡരികില്‍ സിസിടിവി കാമറകള്‍ സ്ഥാപിച്ച് മാലിന്യം തള്ളുന്നവരെ കണ്ടെത്തി പ്രശ്നത്തിനു പരിഹാരം കാണണമെന്നു പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.