കാട്ടൂരില്‍ മുന്നറിയിപ്പുമായി സെക്ടറല്‍ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സംഘം
കാട്ടൂര്‍: കോവിഡ്-19 അതിവ്യാപനം തടയുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള ക്രിമിനല്‍ ചട്ടം 144 പ്രകാരമുള്ള നിരോധനാജ്ഞയും കോവിഡ് മാനദണ്ഡങ്ങളും പാലിക്കാത്തവര്‍ക്കെതിരെ ആദ്യഘട്ടം എന്ന നിലയില്‍ മുന്നറിയിപ്പുമായി സെക്ടറല്‍ മജിസ്ട്രേറ്റിന്റെ ചുമതല വഹിക്കുന്ന ഇരിങ്ങാലക്കുട കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മുരളിയുടെ നേതൃത്വത്തിലുള്ള സംഘം കാട്ടൂരില്‍ പരിശോധന നടത്തി. അഞ്ചു പേരില്‍ കൂടുതല്‍ ആയിട്ടുള്ള ആളുകള്‍ കൂട്ടം കൂടുന്നതും കടകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അഞ്ചു പേരില്‍ കൂടുതലുള്ള കൂട്ടം നിയന്ത്രിക്കുന്നതിന്റെയും കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള സാമൂഹിക അകലം പാലിക്കുക, മൂക്കും വായയും മൂടത്തക്ക രീതിയില്‍ മാസ്ക് കൃത്യമായി ധരിക്കുക, കടകളിലും മറ്റ് പൊതുയിടങ്ങളിലും കൈകഴുകാന്‍ ഉള്ള വെള്ളം, സോപ്പ്, സാനിറ്റൈസര്‍ എന്നിവ ഉണ്ടെന്നും ഉപയോഗിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുക തുടങ്ങിയവയാണു ഈ സംഘം പ്രധാനമായും പരിശോധനവിധേയമാക്കുന്നത്. തിരക്ക് കൂടുതല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മാര്‍ക്കറ്റ്, ബസ് സ്റ്റാന്‍ഡ്, സ്ഥാപനങ്ങള്‍, സൂപ്പര്‍ മാര്‍ക്കറ്റ്, ഹോട്ടല്‍ തുടങ്ങിയ പൊതുയിടങ്ങള്‍ ആരാധനാലയങ്ങള്‍, ഹോളുകള്‍ തുടങ്ങിയ സ്ഥലങ്ങള്‍, 20 പേരില്‍ കൂടാന്‍ സാധ്യതയുള്ള മരണം സംഭവിച്ച സ്ഥലങ്ങള്‍, വിവാഹം തുടങ്ങിയ ആഘോഷസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കര്‍ശനമായ പരിശോധനകള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകും. ഇതിനു മുന്നോടിയായ മുന്നറിയിപ്പാണു നടത്തിയതെന്നു അധികൃതര്‍ ചൂണ്ടിക്കാട്ടി. ഓട്ടോ തൊഴിലാളികള്‍, മാര്‍ക്കറ്റിലെ കയറ്റിറക്ക് തൊഴിലാളികള്‍ എന്നിവര്‍ക്കുള്ള ബോധവത്കരണവും നടത്തി. സെക്ടറല്‍ മജിസ്ട്രേറ്റിനു പുറമെ കാട്ടൂര്‍ പോലീസ് സ്റ്റേഷന് ഹോം ഗാര്‍ഡ് അഗസ്റ്റിന്, പഞ്ചായത്ത് ക്ലര്‍ക്ക് ഷിജിന് തുടങ്ങിയവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. കൂടുതല്‍ പോലീസ് അംഗങ്ങള്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള കര്‍ശന പരിശോധനകള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ ഉള്‍പ്പെടെയുള്ള ശിക്ഷണ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.