നാടിന് തുണയായി ഇരിങ്ങാലക്കുട ജനമൈത്രി പോലീസ്
ഇരിങ്ങാലക്കുട: കോവിഡ് വ്യാപനം മൂലം ദുരിതം അനുഭവിക്കുന്ന നടവരമ്പ് അംബേദ്കര്‍ കോളനി നിവാസികള്‍ക്കു ആശ്വാസമായി ഇരിങ്ങാലക്കുട ജനമൈത്രി പോലീസും നല്ലവരായ നാട്ടുകാരും വ്യാപാരികളും. നടവരമ്പ് അംബേദ്ക്കര്‍ കോളനിയിലെ താമസക്കാര്‍ കോവിഡ് വ്യാപനം മൂലം പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. കോളനിയില്‍ നിന്നു പുറത്തേക്കു രോഗം പടരാതിരിക്കുവാന്‍ പോലീസിന്റെ ഇടപെടലും നാട്ടുകാരുടെ സഹകരണവും കൊണ്ടു സാധിച്ചുവെന്നു വാര്‍ഡ് മെമ്പര്‍ ടി.ആര്. സുനില്‍ പറഞ്ഞു. കോളനി നിവാസികള്‍ക്കു ജോലിക്കു പോകാന്‍ പോലും കഴിയാത്ത സാഹചര്യത്തിലാണു ഇരിങ്ങാലക്കുട ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ 170 ഓളം കുടുംബങ്ങള്‍ക്കു ഭക്ഷ്യധാന്യകിറ്റുകളും പുടവകളും വിതരണം ചെയ്തത്. പേര് പുറത്തു പറയാന്‍ ആഗ്രഹിക്കാത്ത വ്യക്തികളും, ഇരിങ്ങാലക്കുട, കോണത്തുകുന്ന്, മാപ്രാണം മേഖലയിലെ വ്യാപാരി വ്യവസായ സമിതികളും, നാട്ടുകാരും ജനമൈത്രി പോലീസിനൊപ്പം ചേര്‍ന്നു. ഡിവൈഎസ്പി ഫേമസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ സിഐ എം.ജെ. ജിജോ, എസ്ഐമാരായ ക്ലീറ്റസ്, ഇ.എസ്. ഡെന്നിസ്, പി.ജി. അനൂപ്, ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍, ജനമൈത്രി അംഗങ്ങള്‍ എന്നിവര്‍ വിതരണത്തിനു നേതൃത്വം നല്കി.