2025 ജൂബിലി വര്‍ഷം; പ്രത്യാശയുടെ വാതില്‍ തുറന്നു, ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെ മഹാജൂബിലി വര്‍ഷാചരണത്തിനു തുടക്കമായി
ക്രിസ്തുവാകുന്ന വാതിലിലൂടെ പ്രവേശിച്ച് വിശ്വാസ ചൈതന്യത്തില്‍ കൂടുതല്‍ ആഴപ്പെടണം-മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: പ്രത്യാശയുടെ വാതില്‍ തുറന്ന് 2025 ജൂബിലി ആഘോഷങ്ങള്‍ക്ക് ഇരിങ്ങാലക്കുട രൂപതയില്‍ തുടക്കമായി. ഇന്നലെ രാവിലെ ആറിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡലില്‍ നടന്ന ദിവ്യബലിക്ക് മുമ്പായിരുന്നു പ്രത്യാശയുടെ വാതില്‍ തുറന്ന് രൂപതയില്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ക്രിസ്തുവാകുന്ന വാതിലിലൂടെ പ്രവേശിച്ച് പാപത്തില്‍നിന്നു വിമോചിതരായി ദൈവകൃപയിലൂടെ മോക്ഷം നേടുവാനും വിശ്വാസ ചൈതന്യത്തില്‍ കൂടുതല്‍ ആഴപ്പെടുവാനും സാധിക്കണമെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു.
ദൈവകൃപയുടെ വറ്റാത്ത ഉറവ മനുഷ്യരിലേക്ക് വര്‍ഷിക്കുന്ന വിശുദ്ധവത്സരമാണിത്. ആത്മീയശുദ്ധി വരുത്തി അനുരഞ്ജനത്തിനു മുന്പില് തുറക്കപ്പെടുന്ന പ്രത്യാശയുടെ വാതിലിലൂടെ പ്രവേശിച്ച് ദണ്ഡവിമോചനവും ആത്മീയ അനുഗ്രഹങ്ങളും പ്രാപിക്കാന്‍ ഏവര്‍ക്കും സാധിക്കണമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. രൂപത വികാരി ജനറാള്‍ മോണ്‍. ജോളി വടക്കന്‍, കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, രൂപത ഫിനാന്‍സ് ഓഫീസര്‍ ഫാ. ലിജോ കോങ്കോത്ത്, രൂപത ചാന്‍സലര്‍ ഫാ. കിരണ്‍ തട്ടഌ സെക്രട്ടറി ഫാ. ജോര്‍ജി തേലപ്പിള്ളി എന്നിവര്‍ ചടങ്ങുകള്‍ക്ക് സഹകാര്‍മികത്വം വഹിച്ചു.