ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമം; പ്രാര്‍ഥനകളോടെ നാടും കുടുംബവും
ഒരു പതിറ്റാണ്ട് യെമനിലെ യുദ്ധഭൂമിയില്‍ കുടുങ്ങിയ ഇരിങ്ങാലക്കുട സ്വദേശി ഇന്നു നാട്ടിലെത്തും
ഇരിങ്ങാലക്കുട: ഒരു പതിറ്റാണ്ടു കാലത്തെ കണ്ണീരും കാത്തിരിപ്പും പ്രാര്‍ഥനയും ഫലം കാണുന്നു. യെമനിലെ യുദ്ധഭൂമിയില്‍ കുടുങ്ങിയ ഇരിങ്ങാലക്കുട സ്വദേശി ഇന്നു നാട്ടിലെത്തും. പൂമംഗലം പഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ താമസിച്ചിരുന്ന കുണ്ടൂര്‍ വീട്ടില്‍ പരേതനായ കൃഷ്ണന്‍കുട്ടിയുടെ മകന് ദിനേശന് (49) ആണ് പത്തു വര്‍ഷത്തിനു ശേഷം നാട്ടിലെത്തുന്നത്. സാമ്പത്തിക പ്രയാസത്തെ തുടര്‍ന്ന് ജീവിതം കരയ്ക്കടുപ്പിക്കാന്‍ 2014 നവംബറിലാണ് ദിനേശന് യെമനിലേയ്ക്ക് ജോലിക്കായി പോകുന്നത്. ടൈല്‍സ് ജോലിക്കാണ് യെമനിലേക്ക് പോയത്.
യെമനില്‍ എത്തി ആറാം മാസം അവിടെ ആഭ്യന്തര യുദ്ധം പൊട്ടി പുറപ്പെട്ടു. യുദ്ധഭീതിക്കിടയില്‍ ജീവന് പണയം വച്ച് ജീവിക്കുകയായിരുന്ന ദിനേശന് അവിടെ കടുത്ത ദുരിതങ്ങളാണ് നേരിടേണ്ടിവന്നത്. ഇതിനിടയില്‍ സ്പോണ്‍സറുടെ കൈയ്യില്‍ ദിനേശന്റെ പാസ്പോര്‍ട്ട് അകപ്പെട്ടു. ഇതിനിടയില്‍ സ്പോണ്സര് മുങ്ങുകയും അയാളുടെ കൈയില്‍ ആയിരുന്ന പാസ്പോര്‍ട്ട് നഷ്ടപ്പെടുകയും ചെയ്തു. നാട്ടിലെ വീട് കടക്കെണിയില്‍ മുങ്ങി ഭാര്യ അനിതയും മക്കളും വാടക വീടുകളിലേക്ക് മാറി.
കുറെ നാളുകള്‍ ദിനേശനെ കുറിച്ച് വിവരം ഒന്നും ഉണ്ടായില്ല. തിരിച്ചുകൊണ്ടുവരാന്‍ ദിനേശന്റെ ഭാര്യ അനിതയും സുഹൃത്തുക്കളും പലരെയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. പ്രതീക്ഷകളെല്ലാം അസ്തമിച്ച അവസ്ഥയായിരുന്നു കുടുംബത്തിന്റേത്. കടബാധ്യതമൂലം പത്തുസെന്റ് സ്ഥലവും വീടും സഹകരണ ബാങ്കിന്റെ ജപ്തിയിലായി. മകനെ അവസാനമായി ഒരു നോക്കു കാണാന്‍ ആഗ്രഹിച്ചിരുന്ന അമ്മ കല്യാണി 2015 ല്‍ മരണമടഞ്ഞു. ജീവിതം മുന്നോട്ടു കൊണ്ടുപോകുവാന്‍ അനിത തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിക്കു പ്രവേശിച്ചു. വീട് ജപ്തിയായതോടെ അനിതയും രണ്ടു കുഞ്ഞുമക്കളും സഹോദരന് അനിലിന്റെ പറപ്പൂക്കര നെടുമ്പാളിലുള്ള വീട്ടിലേക്ക് താമസം മാറ്റി.
ഇതിനിടെയാണ് വിഷയം എടക്കുളം സ്വദേശിയായ ഉണ്ണി പൂമംഗലം പൊതുപ്രവര്‍ത്തകനായ വിപിന്‍ പാറമേക്കാട്ടിലിനോട് കാര്യം അവതരിപ്പിച്ചത്. 19 വര്‍ഷം പ്രവാസിയായിരുന്ന വിപിന്‍ തന്റെ ഗള്‍ഫില്‍ ഉള്ള ബന്ധങ്ങള്‍ ഉപയോഗിച്ച് ദിനേശനെ കണ്ടുപിടിക്കാന്‍ ശ്രമം ആരംഭിച്ചു. ജീവിക്കുന്ന പ്രദേശം കണ്ടെത്തിയതിനെത്തുടര്‍ന്ന് തിരികെയെത്തിക്കാന്‍ ശ്രമം തുടങ്ങി. പാസ്പോര്‍ട്ട് ഇല്ലാത്തതും പ്രദേശത്തെ യുദ്ധസമാന അന്തരീക്ഷവും വലിയ വെല്ലുവിളിയായി. ഇന്ത്യന്‍ എംബസിയുമായും പ്രധാനമന്ത്രിയുടെ ഓഫീസുമായി വിപിന്‍ നടത്തിയ ഇടപെടലുകള്‍ക്ക് ഒപ്പം വലിയ തുക വിടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി യെമനിലേയ്ക്ക് അയച്ച് നല്കി. ഇതോടെയാണ് ദിനേശന് നാട്ടിലെത്താനുള്ള വഴിയൊരുക്കിയത്.
കോട്ടയം സ്വദേശി ഷിജു ജോസഫും നിമിഷപ്രിയയുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്ത്തകന് സാമുവല്‍ ജെറോം എന്നിവര്‍ ഇക്കാര്യത്തില്‍ ഇടപെട്ടു. യെമനിലെ ഇന്ത്യന്‍ എംബസിയിലെ ഒരു ഉദ്യോഗസ്ഥനെ ദിനേശന്റെ മോചനത്തിനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തി. പാസ്പോര്‍ട്ടിനുള്ള പണവും പാസ്പോര്‍ട്ട് ഇല്ലാതെ താമസിച്ചതിനുള്ള പിഴയും അടക്കം വലിയ ഒരു തുക അയച്ചു നല്കി. വിമാന ടിക്കറ്റും വിപിന്‍ എടുത്തു നല്കി. ഇന്ന് ദിനേശന് രാവിലെ 8.30 ന് നെടുമ്പാശേരിയിലെത്തും. പൂമംഗലത്തെ കാടുപിടിച്ചു ജപ്തിയില്‍ കിടക്കുന്ന വീട്ടിലെത്തിയ ശേഷമാണ് ഭാര്യയും മക്കളും ഇപ്പോള്‍ താമസിക്കുന്ന നെടുമ്പാളിലേക്ക് പോകുക. ഏറെ നാളത്തെ പ്രാര്‍ഥനകള്‍ക്കൊടുവില്‍ ഇന്ന് അച്ചനെ കാണാമെന്ന പ്രതീക്ഷയിലാണ് ഭാര്യ അനിതയും മക്കളായ പറപ്പൂക്കര പിവിഎസ് സ്കൂളിലെ എട്ടം ക്ലാസ് വിദ്യാര്‍ഥിനി കൃഷ്ണവേണിയും തൊട്ടിപ്പാള്‍ ഗവ. യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി സായ് കൃഷണയും.