ഇടതുപക്ഷ അധ്യാപക സര്‍വ്വീസ് സംഘടനകളുടെ നേതൃത്വത്തില്‍ പണിമുടക്ക്
പണിമുടക്കിനെ തുടര്‍ന്ന് മുകുന്ദപുരം താലൂക്ക് ഓഫീസിന്റെ പ്രവര്‍ത്തനം ഭാഗികമായി സ്തംഭിച്ചു
ഇരിങ്ങാലക്കുട: പങ്കാളിത്ത പെന്ഷന് പിന്‍വലിക്കുമെന്ന പിണറായി സര്‍ക്കാറിന്റെ വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ അദ്ധ്യാപക സര്‍വ്വീസ് സംഘടനകളുടെ നേതൃത്വത്തില്‍ പണിമുടക്കി.ശമ്പള പരിഷ്കരണ നടപടികള്‍ ആരംഭിക്കുക, കുടിശിക ക്ഷാമബത്ത അനുവദിക്കുക, കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു പണിമുടക്ക്.
മുകുന്ദപുരം താലൂക്ക് ഓഫീസില്‍ 190 ജീവനക്കാരില്‍ 159 പേരും പണിമുടക്കില്‍ പങ്കെടുത്തതോടെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി സ്തംഭിച്ചു.പണിമുടക്കിയ ജീവനക്കാര്‍ ഇരിങ്ങാലക്കുട സിവില്സ്റ്റേഷന് മുന്നില്‍ പ്രകടനവും പൊതുയോഗവും നടത്തി. കേരള ഗസററ്റഡ് ഓഫീസേഴ്സ് ഫെഡറേഷന് താലൂക്ക് സെക്രട്ടറി ഡോ. എം.ജി. സജേഷ് അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എ.എം. നൗഷാദ് ഉദ്ഘാടനം ചെയ്തു.
എകെഎസ്ടിയു ജില്ലാ സെക്രട്ടറി സി.വി. സ്വപ്ന, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം ജി. പ്രസീത, എസ്. ഭാനുശാലിനി, പി.കെ. ഉണ്ണികൃഷ്ണന്, പി.ബി. മനോജ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രകടനത്തിന് ജി. കണ്ണന്, സി.വി. സവിത, ഇ.എ. ആശ, എം.ആര്. രാജിമോള്‍, ഡോ. കിരണ്‍മേനോന്‍ എന്നിവര്‍ നേതൃത്വം നല്കി.
എം.കെ. ഉണ്ണി സ്വാഗതവും ഇ.ജി. റാണി നന്ദിയും പറഞ്ഞു.