വിഷുവിന്റെ വരവറിയിച്ചു കണിക്കൊന്ന പൂത്തു

വിഷുവിനു ആഴ്ചകള്‍ക്കുമുമ്പേ നാടെങ്ങും കൊന്നകള്‍ പൂത്തു. ഇരിങ്ങാലക്കുട ബിഷപ്സ് ഹൗസിനു മുന്നിലെ കൊന്നമരം പൂത്തനിലയില്.
പൂക്കാനൊരു കാലം, വിഷുവിന്റെ വരവറിയിച്ചു കണിക്കൊന്ന പൂത്തുലഞ്ഞുനില്ക്കുന്നതു ഇരിങ്ങാലക്കുടയില്‍ കാഴ്ചയായി
നിങ്ങള്‍ ഇതെന്തു ഭാവിച്ചാ, വിഷുവിന് ഇനിയും സമയം ഉണ്ടല്ലോ, ഇത്ര നേരത്തേ പൂത്താല്‍ എങ്ങനെയാ..?
വേണമെന്ന് വിചാരിച്ചിട്ടല്ലല്ലോ… കൊടുംചൂടില്‍ പൂത്തുപോകുന്നതല്ലേ
തുമ്പ പൂത്താല്‍ ഓണം, കൊന്ന പൂത്താല്‍ വിഷു എന്നാണ് ചൊല്ല്. കാലാവസ്ഥയില്‍ വന്ന മാറ്റം കൊണ്ട് കാലം തിരിച്ചറിയാനാകാതെ കൊന്ന ഇന്ന് പലകാലത്തും പൂക്കാറുണ്ടെന്നത് വേറെ കാര്യം. എന്നാലും വിഷു എത്തുമ്പോഴേക്കും ഒരു വിധം കൊന്നകളൊക്കെ ഇതാ സ്വര്‍ണ്ണ തോരണങ്ങള്‍ തൂക്കിക്കഴിഞ്ഞിരിക്കുന്നു. നമ്മുടെ ചില ആഘോഷങ്ങള്‍ കലണ്ടറിനേക്കാള്‍ മുന്‍പ് അടയാളപ്പെടുത്തുന്നത് പ്രകൃതിയിലാണ്. വിഷുവിന്റെ വരവറിയിക്കാന്‍ ഇത്ര കൃത്യമായി കൊന്നപ്പൂക്കള്‍ പൂക്കുന്നതിന്റെ രഹസ്യം എന്താണെന്നു ചിന്തിച്ചിട്ടുണ്ടോ? കേരളത്തിലെ വീടുകളിലെല്ലാം ഒരുമാത്ര കണി കണ്ടുണരാനുള്ള പൂക്കള്‍ അത് തരുന്നതെങ്ങനെയാണ്? കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കണിക്കൊന്ന വിഷുവിനും കുറേ മുന്‍പേ പൂക്കുന്നതിന് കാരണമെന്തെന്ന്?
കൃത്യമായി പൂക്കുന്ന കൊന്ന
വേനല്‍ തുടങ്ങുന്നതോടെയാണ് സസ്യങ്ങള്‍ പുഷ്പിക്കാന്‍ തുടങ്ങുന്നത്. ചെറിയ ചൂട് തുടങ്ങുന്നതുമുതല്‍ ഓരോ ചെടിയും പുഷ്പിച്ചുതുടങ്ങും. എന്നാല്‍ കണിക്കൊന്ന പൂക്കണമെങ്കില്‍ കടുത്ത ചൂടുള്ള കാലാവസ്ഥ തന്നെ വേണ്ടിവരുന്നു. അത് മീന മാസത്തില്‍ (മാര്‍ച്ച് മധ്യത്തില്‍) തളിരിടുകയും മേടമാസത്തില്‍ (ഏപ്രില്‍ മധ്യത്തില്‍) പൂക്കുകയുമാണ് ചെയ്യുന്നത്. ഏതൊരു പുഷ്പത്തിനും അതിന്റെ ജീവിത ചക്രം ഋതുക്കളുമായി ബന്ധപ്പെട്ടിരിക്കുന്നു. താപനിലയിലെ വ്യത്യാസങ്ങളും വെളിച്ചത്തിന്റെ തീവ്രതയും കാലപരിധിയും ഓരോ ചെടിയുടെയും പുഷ്പിക്കല്‍ പ്രക്രിയയെ സ്വാധീനിക്കുന്നുണ്ട്. വേനല്‍ കാലത്തു ഭൂഗര്‍ഭ ജലനിരപ്പ് കൂടുതലായി താഴുമ്പോള്‍ ജലത്തിന്റെ ക്ഷാമം അനുഭവപ്പെടുന്നു. അത്തരത്തില്‍ ഉണ്ടാകുന്ന ജലക്ഷാമത്തെ പ്രതിരോധിക്കുന്നതിനാണ് കണിക്കൊന്ന പുഷ്പിക്കുന്നത്. നിലനില്പിനായുള്ള ചെറുത്തുനില്പ്പുകൂടെയാണിത്. അതായത് വേനല്‍ കടുക്കുമ്പോള്‍ മണ്ണിലെ ജലാംശം ഏതുസമയവും ഇല്ലാതായേക്കാമെന്ന് അവ കൃത്യമായി മനസിലാക്കുന്നു.
അത്തരത്തില്‍ ജലാംശം ഇല്ലാതായാല്‍ തങ്ങളുടെ ജീവനുതന്നെ ഭീഷണിയായേക്കാമെന്ന തിരിച്ചറിവില്‍ എത്രയും വേഗം അടുത്ത തലമുറയെ സൃഷ്ടിക്കണമെന്ന തീരുമാനത്തിലേക്ക് എത്തുകയും അതിന്റെ ഫലമായി വേഗം പുഷ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ അപ്പോഴേക്കും സീസണ് മാറി മഴ എത്തുന്നതോടെ പുഷ്പങ്ങള്‍ കായ്കള്‍ ആയി മാറുകയും മഴയുടെയും മറ്റ് പല പരാഗണകാരികളുടെയും സഹായത്തോടെ പരാഗണം നടത്തുകയും ചെയ്യുന്നു. പകലിന്റെയും രാത്രിയുടെയും ദൈര്‍ഘ്യം പല മാസങ്ങളിലും ഒരുപോലെ ആയിരിക്കില്ല. ഫോട്ടോപിരീഡ് എന്നാണ് ഇവയെ പറയുന്നത്. ഉദാഹരണത്തിന് ജൂണ്‍ മാസം പകല്‍ ദൈര്‍ഘ്യമേറിയതും രാത്രി ദൈര്‍ഘ്യം കുറഞ്ഞതും ആയിരിക്കും. അതുപോലെതന്നെ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങള്‍ നേര്‍വിപരീതവുമായിരിക്കും. ഇതും കണിക്കൊന്ന പൂക്കുന്നതിനെ സ്വാധീനിക്കുന്നുണ്ട്.

കൊന്നപ്പൂവില്‍ വിരിഞ്ഞ സിനിമാഗാനങ്ങളും
വിഷു പക്ഷിയുടെ കുറുകലും പൊന്നുരുക്കുന്ന കൊന്നപൂക്കളും പ്രകൃതിക്കു സ്വര്‍ണചാമരം വീശുമ്പോള്‍ മലയാള സിനിമ ഗാനങ്ങളെ ഐശ്വര്യപൂര്‍ണ്ണമാക്കുവാന്‍ വല്ലപ്പോഴുമൊക്കെ കൊന്ന പൂവിട്ടു നില്‍ക്കാറുണ്ട്. പി. ഭാസ്ക്കരനും വയലാറും ഒഎന്‍വിയും ശ്രീകുമാരന്‍ തമ്പിയും ഗിരീഷ് പുത്തഞ്ചേരിയും വരികളെ കണികൊന്നകള്‍ കൊണ്ടു സ്വര്‍ണ്ണം പൂശിയവരില് ചിലരാണ്. മിക്ക വിഷുപാട്ടുകളിലും കാര്‍ഷികസംബന്ധമായ ഭാവനകളാണു കവികള്‍ എഴുതിവച്ചിരിക്കുന്നത്. വിഷു എന്നാല്‍ തുല്യമായത് എന്നാണ് അര്‍ഥം. അതായത്, രാത്രിയുടെയും പകലിന്റെയും ദൈര്‍ഘ്യം ഒരുപോലെയുള്ള ദിവസം. പെണ്സ്വരങ്ങളിലാണു വിഷുസംബന്ധിയായ പാട്ടുകള്‍ കൂടുതലും പിറന്നത്. പ്രത്യേകിച്ച് എസ്. ജാനകി, പി. സുശീല, കെ.എസ്. ചിത്ര തുടങ്ങിയവരുടെ സ്വരങ്ങളില്‍.
- വിഷുകിളി കണിപ്പൂകൊണ്ടുവാ (ഇവന് മേഘരൂപന്‍),
- കൊന്നപ്പൂ പോലെ മുന്നില്‍ (താവളം)
- പാടുന്നു വിഷുപക്ഷികള്‍ മെല്ലെ (പുനരധിവാസം),
- കൊന്ന പൂവേ കൊങ്ങിണി പൂവേ (അമ്മയെ കാണാന്‍),
- മഞ്ഞകണികൊന്ന പൂവുകള്‍ ചൂടും (ആദ്യത്തെ അനുരാഗം),
- മേട പൊന്നണിയും കൊന്ന പൂക്കണിയായ് (ദേവാസുരം),
- ശ്യാമവാനിലേതോ കണികൊന്ന പൂത്തുവോ (ആനച്ചന്തം),
- കണികൊന്നകള്‍ പൂക്കുമ്പോള്‍ (ഒരു അഭിഭാഷകന്റെ കേസ് ഡയറി),
- മൈനാക പൊന്‍ മുടിയില്‍ പൊന്നുരുകി പൂവിട്ടു വിഷുകണികൊന്ന (മഴവില്‍കാവടി),
- കൊന്നപ്പൂ ചൂടുന്ന കിന്നാരം (കനകചിലങ്ക),
- അമ്പലനടകള്‍ പൂവണിഞ്ഞു (കുങ്കുമചെപ്പ്),
- കൊന്ന പൂപൊന് നിറം തേനില്‍ (കിന്നരി പുഴയോരം),
- കൊന്ന പൂക്കള്‍ പൊന്നുരുക്കുന്നോ (ഒരു വിളിയും കാത്ത്),
- പൊന്നിലഞ്ഞികള്‍ പന്തലൊരുക്കി (ഗുരുവായൂര്‍ കേശവന്),
- കൊന്ന പൂത്തു പുന്ന പൂത്തു. (സൗധാമിനി),
- കൊന്നപ്പൂ പോലെ മുന്നില്‍ (താവളം),
- തങ്കകണികൊന്ന പൂവിതറും (അമ്മിണി അമ്മാവന്),
- മലര്കൊന്ന പൂത്തു മലര്കണിയായി (മദനോത്സവം),
- കണികാണും നേരം കമലനേത്രന്റെ (ഓമനകുട്ടന്‍),
- കണികാണണം കൃഷ്ണാ (ബന്ധനം)
- കൊന്നപ്പൂക്കള്‍ പൊന്നുരുക്കുന്നു (ഓരോ വിളിയും കാതോര്‍ത്ത്) തുടങ്ങി നിരവധി ഗാനങ്ങളില്‍ കൊന്നപൂക്കളുടെ ശോഭയുണ്ട്.
കേരളത്തിന് സംസ്ഥാന പുഷ്പം; തായ്ലന്‍ഡിന് ദേശീയ പുഷ്പം
കേരളത്തിന്റെ സ്വന്തം പൂവാണു കൊന്ന ലബേണം എന്നും ഗോള്‍ഡന്‍ ഷവര്‍ എന്നും കാസിയ ഫിസ്റ്റുല എന്നും കര്‍ണികാരം എന്നുമൊക്കെ പല പേരുകളുള്ള കൊന്നപ്പൂവിനു കേരളത്തിന്റെ സംസ്ഥാന പു ഷ്പമെന്ന പദവിയാണുള്ളത്. പക്ഷേ, ഇതു കേരളത്തില്‍ മാത്രമല്ല ലോകത്തു പലയിടത്തുമുണ്ട്. തായ്ലന്ഡില് ഇതു ദേശീയ പുഷ്പമാണ്. കാളിദാസന് മുതല്‍ ചലച്ചിത്രഗാന രചയിതാക്കള്‍ വരെ കര്ണികാരത്തില് കവിത കണ്ടെത്തിയിട്ടുണ്ട്. ആയുര്‍വേദം കണിക്കൊന്നയെ കാണുന്നത് ഔഷധസസ്യമായാണ്. കൊന്നയുടെ ഇലയും പൂവുമെല്ലാം ഔഷധഗുണമുള്ളതാണത്രേ. ചരകനും ശുശ്രുതനും ഇതു രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ആയുര്‍വേദ രംഗത്തുള്ളവര്‍ പറയുന്നു.