വിശ്വാസത്തില്‍ വേരൂന്നി സ്നേഹത്തില്‍ ഒന്നായി ചരിച്ച് പ്രത്യാശയുടെ വിദ്യാര്‍ഥികള്‍ സാക്ഷികളായി മാറണം: മാര്‍ പോളി കണ്ണൂക്കാടന്‍

വിശ്വാസ പരിശീലനമായ ഗ്രെയ്സ് ഫെസ്റ്റ് 2025 ഇരിങ്ങാലക്കുട രൂപതാതല ഉദ്ഘാടനം കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഇടവകയില്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
കരാഞ്ചിറ: വിശ്വാസത്തില്‍ വേരൂന്നി സ്നേഹത്തില്‍ ഒന്നായി ചരിച്ച് പ്രത്യാശയുടെ വിദ്യാര്‍ഥികള്‍ സാക്ഷികളായി മാറണമെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍. വിശ്വാസ പരിശീലനമായ ഗ്രെയ്സ് ഫെസ്റ്റ് 2025 രൂപതാതല ഉദ്ഘാടനം കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഇടവകയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്. വിശ്വാസത്തില്‍ ആഴപ്പെട്ട് പ്രത്യാശയുടെ പ്രവാചകരാകാനും പ്രകാശത്തിന്റെ മക്കളാകുവാനും അവധിക്കാല വിശ്വാസ പരിശീലന ക്ലാസുകള്‍ അവസരമൊരുക്കണമെന്നും ബിഷപ്പ് കൂട്ടിചേര്‍ത്തു.
ഇരിങ്ങാലക്കുട വിദ്യാജ്യോതി വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടര്‍ ഫാ. റിജോയ് പഴയാറ്റില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കരാഞ്ചിറ പള്ളി വികാരി ഫാ. ജെയിംസ് പള്ളിപ്പാട്ട്, ഹെഡ്മാസ്റ്റര് ടി. പി ഷാജു, പള്ളി കൈക്കാരന് ജീസന്‍ വര്‍ഗീസ്, പിടിഎ പ്രസിഡന്റ് ബിജു എലുവത്തിങ്കല്‍, ടീം ലീഡര്‍ ബ്രദര്‍ ഗോഡ്വിന് മാഞ്ഞൂക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.