സംഗമഗ്രാമമാധവന്റെ മനയും ക്ഷേത്രവും പൈതൃകകേന്ദ്രമാക്കണം: സ്വാമി പ്രഭാകരാനന്ദ സരസ്വതി

ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രം സന്ദര്‍ശിക്കാനെത്തിയ ആദിശങ്കര അദ്വൈത അഖാഡ മഹാമണ്ഡലേശ്വര്‍ സ്വാമി പ്രഭാകരാനന്ദ സരസ്വതിയെ ക്ഷേത്രം ചുമതലയുള്ള അശോക് കുമാര്‍ പൂര്‍ണകുംഭം നല്കി സ്വീകരിക്കുന്നു.
കല്ലേറ്റുംകര: ഗണിത ജ്യോതി ശാസ്ത്ര പ്രതിഭ സംഗമഗ്രാമ മാധവന്റെ ഇരിഞ്ഞാടപ്പിള്ളി മനയും വാന നിരീക്ഷണം നടത്തിയിരുന്ന ശ്രീകൃഷ്ണ ക്ഷേത്രവും പൈതൃക കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് ആദിശങ്കര അദ്വൈത അഘാഡയുടെ മഹാമണ്ഡലേശ്വര്‍ സ്വാമി പ്രഭാകരാനന്ദ സരസ്വതി. ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധ യില്പ്പെടുത്തുമെന്നും സ്വാമി പറഞ്ഞു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് നാലരയോടെയാണ് സ്വാമിയുടെ നേതൃത്വത്തില്‍ 16 സ്വാമിമാര്‍ ക്ഷേത്രവും മനയും സന്ദര്‍ശിച്ചത്.
ക്ഷേത്രത്തിലെത്തിയ സംഘത്തെ അശോക് കുമാര്‍ പൂര്‍ണകുംഭം നല്കി വരവേറ്റു. തുടര്‍ന്ന് ക്ഷേത്രത്തിന് മുന്നില്‍ ആചാരവിധിപ്രകാരം പ്രത്യേക സത്സംഗം നടന്നു. റെയില്‍വേ സ്റ്റേഷന് വികസന സമിതി ഭാരവാഹികളും സ്വാമിയോടൊപ്പം എത്തിയിരുന്നു. സംഗമഗ്രാമമാധവന്റെ കണ്ടെത്തലുകള്‍ ലോകത്തെ അറിയിക്കാനും പൈതൃകം പുനഃസ്ഥാപിക്കാനും ക്ഷേത്രത്തിന്റെ ചുമതലയുള്ള അശോക് കുമാറിനേയും സ്വദേശി ജാഗരണ്‍ മഞ്ച് സംസ്ഥാന സഹസംയോജക് വര്‍ഗീസ് തൊടുപറമ്പിലിനേയും ഉള്‍പ്പെടുത്തി സ്വദേശി മിഷന് രൂപവത്കരിക്കാനും സ്വാമി നിര്‍ദേശിച്ചു.