വല്ലാത്ത ദുരിതം ഇതു വഴിയാത്ര, ആരു നികത്തും ഈ പാതാള കുഴികള്‍
നടുവൊടിഞ്ഞ് ജനം, നന്നാക്കാതെ വകുപ്പുകള്‍
അരിപ്പാലം: വെള്ളാങ്കല്ലൂര്‍-മതിലകം റോഡില്‍ കല്പറമ്പ് മുതല്‍ വളവനങ്ങാടിവരെ പുനര്‍നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധമുയരുന്നു. ചാലക്കുടി-മതിലകം ലിങ്ക് റോഡിലുള്പ്പെട്ട പൂമംഗലം പഞ്ചായത്തില്‍ കല്പറമ്പ് മുതല്‍ പടിയൂര്‍ പഞ്ചായത്തിലെ വളവനങ്ങാടി വരെയാണു റോഡ് തകര്‍ന്ന് കുഴികളായത്. പൊടിശല്യം രൂക്ഷമാണെന്നു നാട്ടുകാര്‍ പറഞ്ഞു. ഇടയ്ക്കിടെ അപകടങ്ങളുണ്ടാകുന്ന റോഡ് അറ്റകുറ്റപ്പണി നടത്താന്‍പോലും അധികൃതര്‍ തയാറാകുന്നില്ലെന്നു നാട്ടുകാര്‍ കുറ്റപ്പെടുത്തി. കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, കയ്പമംഗലം എന്നിങ്ങനെ മൂന്നു നിയോജകമണ്ഡലങ്ങളില്‍ ഉള്‍പ്പെട്ട ഈ റോഡ് വെള്ളാങ്കല്ലൂര്‍, പൂമംഗലം, പടിയൂര്‍, മതിലകം എന്നിങ്ങനെ നാലു ഗ്രാമപഞ്ചായത്തുകളിലൂടെയും കടന്നുപോകുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ചിലാണു പൂമംഗലം പഞ്ചായത്ത് സമ്പൂര്‍ണ കുടിവെള്ള പദ്ധതിയ്ക്കായി വളവനങ്ങാടി മുതല്‍ കല്പറമ്പ് കോളനിയിലുള്ള വാട്ടര്‍ ടാങ്കുവരെ മൂന്നുകിലോമീറ്ററോളം റോഡ് കുഴിയെടുത്തു പൈപ്പിട്ടു മൂടിയത്. കഴിഞ്ഞ കാലവര്‍ഷത്തില്‍ റോഡ് പൊളിച്ചിട്ട ഭാഗത്തു മണ്ണ് താഴേയ്ക്കിരുന്ന് പലയിടത്തും വലിയ കുഴികള്‍ രൂപപ്പെട്ടിരുന്നു. റോഡില്‍ ഒരടിയോളം താഴ്ചയില്‍ മണ്ണുനീക്കി കരിങ്കല്‍പ്പൊടിയും വലിയ മെറ്റലുമിട്ട് അടച്ചെങ്കിലും ഇപ്പോള്‍ കൂടുതല്‍ ഭാഗങ്ങളില്‍ മണ്ണ് താഴെയ്ക്കിരുന്ന് അപകടഭീഷണിയുയര്‍ത്തുന്നുണ്ട്. പലഭാഗത്തും ടാര്‍ പൊളിഞ്ഞുപോയി വലിയ കുഴികള്‍ രൂപപ്പെട്ടു. ഈ ഭാഗങ്ങളില്‍ ഇരുചക്രവാഹനങ്ങളടക്കമുള്ളവ അപകടത്തില്‍പ്പെടുന്നതു സ്ഥിരം കാഴ്ചയാണെന്നു നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ നേരത്തെ പൊതുമരാമത്തുവകുപ്പിന്റെ കീഴിലായിരുന്ന റോഡ് മലയും കടലും ബന്ധിപ്പിക്കുന്ന ചാലക്കുടി-മതിലകം ആറാട്ടുകടവ് ഹൈവേയില്‍ ഉള്‍പ്പെടുത്തി ആലുവ എന്‍എച്ച് ഡിവിഷന് ഏറ്റെടുത്തതോടെ അറ്റകുറ്റപ്പണി നടത്താന്‍ പൊതുമരാമത്തുവകുപ്പ് തയാറാകുന്നില്ലെന്നു പറയുന്നു. റോഡിന്റെ നിര്‍മാണത്തിനായി 16 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മെക്കാഡം ടാറിടല്‍ നടത്താനാണു തീരുമാനം. കല്പറമ്പ് കോളനി റോഡ് മുതല്‍ വളവനങ്ങാടി വരെയുള്ള ഭാഗത്ത് മഴ മാറിനിന്നാല്‍ പത്തുദിവസത്തിനകം മെക്കാഡം ടാറിടല്‍ നടത്താമെന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ മൂന്നുമാസം പിന്നിട്ടിട്ടും നടപടികളൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ മതിലകം പള്ളിവളവ് മുതല്‍ ആറാട്ടുകടവുവരെയുള്ള റോഡിന്റെ ടാറിടല്‍ പൂര്‍ത്തിയായെന്നും മഴ മാറുന്ന മുറയ്ക്ക് ബാക്കി ഭാഗങ്ങളും ഉടന്‍ ടാറിടുമെന്നും ആലുവ എന്‍എച്ച് ഡിവിഷന് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു.