പ്രതിഷേധങ്ങളും വിയോജിപ്പുകളുമായി ഓണ്‍ലൈനില്‍ ഇരിങ്ങാലക്കുട നഗരസഭയോഗം
ബൈപാസ് റോഡില്‍ ക്വാറി വേസ്റ്റ് അടിക്കാനും സുവര്‍ണ ജൂബിലി മന്ദിരത്തിലെ മുറികള്‍ ലേലം ചെയ്യാനും തീരുമാനം
ഇരിങ്ങാലക്കുട: പ്രതിഷേധങ്ങളും വിയോജിപ്പുകളുമായി നഗരസഭ യോഗം ഓണ്‍ലൈനില്‍. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ആദ്യമായി ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗമാണു പ്രതിഷേധങ്ങള്‍ക്കുമുള്ള വേദിയായി മാറിയത്. നഗരസഭ സെക്രട്ടറിയുടെ മുറിയിലും കൗണ്‍സില്‍ ഹാളിലും പാര്‍ട്ടി ഓഫീസുകളിലും വീടുകളിലുമിരുന്നാണു ഭരണസമിതി അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തത്. പതിനൊന്നേകാലോടെ ആരംഭിച്ച യോഗം സാങ്കേതിക തടസങ്ങള്‍ നേരിട്ടപ്പോള്‍ കൗണ്‍സില്‍ ഹാളില്‍ ഇരുന്നിരുന്ന എല്‍ഡിഎഫ്, ബിജെപി അംഗങ്ങള്‍ യോഗം മാറ്റി വയ്ക്കണമെന്നും അംഗങ്ങള്‍ക്കു യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കുന്നില്ലെന്നും ഓണ്‍ലൈന്‍ യോഗം പ്രഹസനമാണെന്നും ജില്ലാ കളക്ടറില്‍ നിന്നു അനുമതി വാങ്ങി സാധാരണ മട്ടില്‍ യോഗം നടത്തണമെന്നും സെക്രട്ടറിയോടും സെക്രട്ടറിയുടെ മുറിയില്‍ ഓണ്‍ലൈനില്‍ യോഗത്തില്‍ പങ്കെടുത്തു കൊണ്ടിരുന്ന ചെയര്‍പേഴ്സണോടും ആവശ്യപ്പെട്ടു. പ്രതിപക്ഷ അംഗങ്ങളായ പി.വി. ശിവകുമാര്‍, എം.സി. രമണന്, സന്തോഷ് ബോബന് എന്നിവരാണു ഇക്കാര്യം സെക്രട്ടറിയോടു ആവശ്യപ്പെട്ടത്. എന്നാല്‍ വിഷയം ചെയര്‍പേഴ്സണ്‍ ജില്ലാ കളക്ടറുമായി സംസാരിച്ചതാണെന്നും നിലവിലെ സാഹചര്യങ്ങളില്‍ യോഗം ഓണ്‍ലൈനില്‍ മാത്രമേ നടത്താന്‍ കഴിയുകയുള്ളൂവെന്നു ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവുണ്ടെന്നും സെക്രട്ടറി വിശദീകരിച്ചു. ഓണ്‍ലൈനില്‍ പങ്കെടുക്കാനുള്ള സാങ്കേതിക സൗകര്യങ്ങള്‍ അംഗങ്ങള്‍ക്കു ഒരുക്കി നല്‍കാമെന്ന സെക്രട്ടറിയുടെ ഉറപ്പിലാണു തുടര്‍ന്ന് യോഗം ആരംഭിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ ഫീസ് പിരിവ് ഡിസംബര്‍ മാസം വരെ നിറുത്തി വയ്ക്കാന്‍ യോഗം തീരുമാനിച്ചു. നഗരസഭ നേരിട്ടാണു ഫീസ് പിരിവ് നടത്തുന്നതെങ്കിലും ഫീസ് നല്കാന് ബസുകള്‍ തയാറാകുന്നില്ലെന്നു റവന്യൂ ഇന്‍സ്പെക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഫീസ് പരിവ് നിറുത്തി വയ്ക്കണമെന്നു ബസുടമകളുടെ സംഘടനയും ആവശ്യപ്പെട്ടിരുന്നു. ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ നിന്ന് 13000 കിലോ അജൈവമാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറിയതിനു കമ്പനിയില്‍ നിന്നു ലഭിച്ച ഇന്‍വോയ്സ് യോഗം അംഗീകരിച്ചു. നഗരസഭയുടെ പൊറത്തിശേരിയിലുള്ള സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ വൈദ്യുതീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ മുറികള്‍ ലേലം ചെയ്തു നല്‍കാനുള്ള തീരുമാനം ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനു കാരണമായി. തീരുമാനം പിന്‍വലിക്കണമെന്നും കച്ചവടത്തിനു വേണ്ടി സാംസ്കാരിക മന്ദിരം വിനിയോഗിക്കരുതെന്നും വരുമാനം ഉണ്ടാക്കാന്‍ വേറെ മാര്‍ഗങ്ങള്‍ കണ്ടു പിടിക്കണമെന്നും എല്‍ഡിഎഫ് അംഗങ്ങളായ അല്‍ഫോണ്‍സ തോമസ്, മീനാക്ഷി ജോഷി, എം.സി. രമണന്, പി.വി. ശിവകുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് നഗരസഭയുടെ വരുമാന മാര്‍ഗങ്ങള്‍ കുറഞ്ഞിരിക്കുകയാണെന്നും കെട്ടിടം മാറാല പിടിച്ച് അടഞ്ഞു കിടക്കുകയായിരുന്നുവെന്നും എന്തിനെയും എതിര്‍ക്കുന്ന പ്രതിപക്ഷ ശൈലി ശരിയല്ലെന്നും വൈസ് ചെയര്‍പേഴ്സണ്‍ രാജേശ്വരി ശിവരാമന് നായര്‍, ഭരണകക്ഷി അംഗങ്ങളായ കുര്യന് ജോസഫ്, എം.ആര്. ഷാജു, വി.സി. വര്‍ഗീസ് എന്നിവര്‍ പറഞ്ഞു. 20 മിനിറ്റോളം നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രതിപക്ഷ അംഗങ്ങളുടെ വിയോജനക്കുറിപ്പോടെയാണു മുറികള്‍ ലേലം ചെയ്യാനുള്ള തീരുമാനം അംഗീകരിച്ചത്. തകര്‍ന്നു കിടക്കുന്ന ബൈപാസ് റോഡില്‍ ക്വാറി വേസ്റ്റ് അടിക്കാനും തെരുവുവിളക്കകളുടെ അറ്റകുറ്റപണികള്‍ക്കു പുതിയ ടെണ്ടര്‍ വിളിക്കാനും എല്‍ഇഡി ലൈറ്റുകള്‍ ഇടുന്നതിനു രണ്ട് വണ്ടികള്‍ ഉപയോഗിക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു അധ്യക്ഷത വഹിച്ചു.