ബാങ്കില്‍ നിന്ന് ലക്ഷങ്ങളുടെ തട്ടിപ്പ്, ബാങ്ക് ജീവനക്കാരിയടക്കമുള്ള പ്രതികള്‍ പിടിയില്‍
ബാങ്കില്‍ നിന്ന് ലക്ഷങ്ങളുടെ തട്ടിപ്പ്, ബാങ്ക് ജീവനക്കാരിയടക്കമുള്ള പ്രതികള്‍ പിടിയില്‍
ഇരിങ്ങാലക്കുട: ഐടിയു ബാങ്കില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ ബാങ്ക് ജീവനക്കാരിയടക്കമുള്ള പ്രതികള്‍ പിടിയില്‍. ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് നട ബ്രാഞ്ചില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലാണു കാറളം സ്വദേശി കളപ്പുരക്കല്‍ ഉഷ (56), കാറളം സ്വദേശി കളപ്പുരക്കല്‍ അനന്തു (18), കൊടുങ്ങല്ലൂര്‍ സ്വദേശി പുതുക്കുളത്ത് മൊയ്തീന് ഷാലു (22) എന്നിവരെ തൃശൂര്‍ റൂറല്‍ എസ്പി വിശ്വനാഥ് ഐപിഎസിന്റെ നിര്‍ദേശപ്രകാരം ഡിവൈഎസ്പി ഫേമസ് വര്‍ഗീസും സിഐ എം.ജെ. ജിജോയും സംഘവും അറസ്റ്റു ചെയ്തത്. ഇരിങ്ങാലക്കുട സ്വദേശിക്കു അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചതായി മെസേജ് വന്നതിനെ തുടര്‍ന്നാണു പരാതിയുമായി ബാങ്കിനെ സമീപിക്കുന്നത്. പിന്നീട് ബാങ്ക് ഇരിങ്ങാലക്കുട പോലീസിനെ സമീപിക്കുകയായിരുന്നു. തട്ടിപ്പിന്റെ ഗൗരവം മനസിലാക്കിയ തൃശൂര്‍ റൂറല്‍ എസ്പി വിശ്വനാഥ് ഐപിഎസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ലക്ഷക്കണക്കിനു രൂപയുടെ വന്‍ തട്ടിപ്പ് പുറത്തുവരുകയായിരുന്നു. ബാങ്കിലെ ജീവനക്കാരിയായ ഉഷ വന്‍ തുകകള്‍ ഉള്ളതും അധികം ഉപയോഗിക്കാത്തതുമായ അക്കൗണ്ടുകള്‍ നിരീക്ഷിക്കുകയും വ്യാജ ചെക്കുപയോഗിച്ച് പണമായും മറ്റ് അക്കൗണ്ടുകളിലേക്കു ട്രാന്‍സ്ഫര്‍ ചെയ്തു കൈക്കലാക്കുകയായിരുന്നു. 40 ലക്ഷം രൂപയോളം തട്ടിയെടുത്തതായി പ്രാഥമിക അന്വേഷണത്തില്‍ തെളിവായിട്ടുണ്ട്. സഹോദരന്റെ മകനായ അനന്തുകൃഷ്ണന്റെയും സുഹൃത്തായ ഷാലുവിന്റെയും സഹായത്തോടെയായിരുന്നു പണം തട്ടിയെടുത്തിരുന്നത്. ആഢംബര ജീവതത്തിനു വേണ്ടിയായിരുന്നു പ്രതികളുടെ തട്ടിപ്പ്. ഒരു വര്‍ഷത്തോളമായി തട്ടിപ്പു നടത്തുന്ന പ്രതികള്‍ അവസാന തട്ടിപ്പ് പുറത്തുവന്നതില്‍ പരിഭ്രാന്തരായി ഒളിവില്‍ പോകുകയായിരുന്നു. ബാങ്കിന്റെ കമ്പ്യൂട്ടറില്‍ നിന്നും അക്കൗണ്ട് വിവരങ്ങളും ഒപ്പും മറ്റും ശേഖരിച്ച്, അനന്തുവിനു കൈമാറുകയും തുടര്‍ന്നു വ്യാജ ചെക്ക് തയാറാക്കി കള്ള ഒപ്പിടുന്നതില്‍ വിദഗ്ദ്ധനായ അനന്തു ഒപ്പിട്ട് ഷാലുവിനു കൈമാറുകയും ഷാലു ബാങ്കിലെത്തി പണമാക്കി മാറ്റുകയുമായിരുന്നു ചെയ്തിരുന്നത്. അനന്തുവിന്റെ വേറെയും സുഹൃത്തുക്കള്‍ വഴി പണം മാറിയിട്ടുണ്ടോ എന്നും മറ്റു ബാങ്ക് ജീവനക്കാര്‍ക്കു പങ്കുണ്ടോയെന്നും അന്വേഷിച്ചു വരുന്നുണ്ട്. നിരവധി ആഡംബര കാറുകള്‍ സ്വന്തമായുള്ള പ്രതികള്‍ കാറുകള്‍ പണയത്തിനും എടുത്തിരുന്നു. കള്ള ഒപ്പിടുന്നതില്‍ വിദഗ്ദ്ധനായ അനന്തു പ്രോഗ്രസ് കാര്‍ഡ് ഒപ്പിടുന്നതിനു സ്പെഷ്യലിസ്റ്റായിരുന്നു. ഷാര്‍ജ ടു ഷാര്‍ജ സിനിമയിലെ ‘കുവൈറ്റ് കൊച്ചുണ്ണി ‘ എന്നാണു സുഹൃത്തുക്കള്‍ ഇയാളെ വിളിച്ചിരുന്നത്. ബാങ്കില്‍ നിന്നും ചെക്ക് മാറാന്‍ മാസ്ക് ധരിച്ചെത്തിയ ഷാലു സംഭവം പ്രശ്നമായതിനെ തുടര്‍ന്ന് കാറില്‍ ബാംഗ്ലൂരിലേക്കു കടക്കുകയായിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലയെന്നു തന്ത്രപൂര്‍വം പോലീസ് പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് മസ്കറ്റിലേക്കു പോകുന്നതിനായി രേഖകള്‍ എടുക്കുന്നതിനായി കാര്‍ ബാംഗ്ലൂരില്‍ ഉപേക്ഷിച്ച് തൃശൂരില്‍ എത്തിയപ്പോള്‍ ഷാലുവിനെ അന്വേഷണ സംഘം പിടികൂടുകയായിരുന്നു. തുടര്‍ന്നു ഒളിവിലായിരുന്ന ഉഷയേയും അനന്തുവിനെയും കസ്റ്റഡിയില്‍ എടുത്തു. ദിവസങ്ങള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടിയതില്‍ എസ്. സുരേന്ദ്രന് ഐപിഎസ് ഉം തന്റെ റിട്ടയര്‍മെന്റ് ദിവസം തന്നെ മുഴുവന്‍ പ്രതികളെയും പിടികൂടിയതില്‍ ഡിവൈഎസ്പി ഫേമസ് വര്‍ഗീസും അന്വേഷണ സംഘത്തെ പ്രത്യേകം അഭിനന്ദിച്ചു. എസ്ഐ പി.ജി. അനൂപ്, എഎസ്ഐ സുജിത്ത്, എ.കെ. മനോജ്, അനൂപ് ലാലന്, വൈശാഖ് മംഗലന്‍, നിഷി സിദ്ധാര്ഥന് എന്നിവരായിരുന്നു പ്രതിയെ പിടികൂടിയ പ്രത്യേക സംഘത്തില്‍ ഉണ്ടായിരുന്നത്.